വേങ്ങര: കേന്ദ്ര പൊതുജന സമ്പര്‍ക്ക പരിപാടിക്ക് വേങ്ങരയില്‍ തുടക്കമായി. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേന്ദ്രാവിഷ്‌കൃത വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് സംഘടിപ്പിക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിക്കാണ് വേങ്ങരയില്‍ തുടക്കമായത്. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ. മുഹമ്മദ് അസ്ലം, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ. കുഞ്ഞാലന്‍കുട്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു. സ്വച്ഛ് ഭാരതം-മാലിന്യ മുക്ത കേരളം, പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം എങ്ങനെ തടയാം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ മാര്‍ഗ്ഗദര്‍ശന ക്ലാസ്, ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാംപ്, നേത്ര പരിശോധന, ആരോഗ്യ ശിശു മത്സരം, വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകളും ഏജന്‍സികളും പങ്കെടുക്കുന്ന പ്രദര്‍ശനം, റീജണല്‍ പാസ്‌പോര്‍ട്ട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരാതി പരിഹാര ക്യാംപ് തുടങ്ങിയവയാണ് ജനസമ്പര്ഡക്ക് പരിപാടിയുടെ ഭാഗമായി നടക്കുന്നത്. മൂന്നു ദിവസത്തെ പരിപാടി ഫെബ്രുവരി 11ന് സമാപിക്കും. എല്ലാ പരിപാടികള്‍ക്കും പ്രദര്‍ശനത്തിനും പ്രവേശനം സൗജന്യമാണ്.
