നിയമസഭയിലും പണിമുടക്കുമോ….

മലപ്പുറം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിന്‍ തകരാറിലായി വിവാദമുണ്ടായ മലപ്പുറം ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷിനുകള്‍ തയ്യാറാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.  മലപ്പുറം കലക്ടറേറ്റിനു സമീപത്തെ ഇലക്ഷന്‍ വെയര്‍ ഹൗസിലാണ് വോട്ടിംഗ് മെഷീന്‍ പരിശോധന നടക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദരഹിത നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തീവ്രശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ വോട്ടിംഗ് മെഷിനുകള്‍ കൂട്ടത്തോടെ പണിമുടക്കിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ജില്ലാ ആസ്ഥാനത്തെത്തി തെരഞ്ഞെടുപ്പ് അട്ടിമറി നടന്നുവെന്ന് വരെ ആരോപിച്ചിരുന്നു. പിന്നീട് നടന്ന വിശദ പരിശോധനയില്‍ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളാണ് വോട്ടിംഗ് മെഷിനുകള്‍ തകരാറിലാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിന്‍ സംബന്ധിച്ച് ആശങ്ക പല കോണിലുമുണ്ട്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാടേ തള്ളിക്കളയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ത്രിതല തലത്തില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷിനുകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ളവയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന മെഷിനുകളാണ് ഉപയോഗിക്കുക. ഒറ്റപ്പെട്ട മെഷിനുകള്‍ കേടായാല്‍ പകരം നല്‍കാനുള്ള സംവിധാനത്തോടെയാണ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ വോട്ടിംഗ് ഒരുക്കുന്നത്. മലപ്പുറം ജില്ലയിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പിന് ആദ്യഘട്ടത്തില്‍ 1200 വോട്ടിംഗ് യന്ത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. റിസര്‍വ് മെഷിനുകളടക്കം ഇനിയും കൂടുതല്‍ മെഷിനുകള്‍ തയ്യാറാക്കാനുണ്ട്.  തെരഞ്ഞെടുപ്പ് കഴിഞ്ഞ മറ്റ് സംസ്ഥാനങ്ങളിലെ വോട്ടിംഗ് മെഷിനുകള്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നുമുണ്ട്.

വോട്ടിംഗ് മെഷീന്‍ പണി മുടക്കിയ സാഹചര്യമുള്ളതിനാല്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളോടെയാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.  ബോംബ് സ്‌ക്വാഡ് അടക്കമുള്ള സംഘം പരിശോധനക്കെത്തിയിരുന്നു. ആദ്യഘട്ടത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനില്‍ പതിപ്പിച്ച സ്റ്റിക്കര്‍ നീക്കുന്ന നടപടിയാണ് നടക്കുന്നത്. ഇതോടൊപ്പം തന്നെ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനസജജമാണോ എന്ന പരിശോധനയും നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ വോട്ടിംഗ് മെഷീനിലെ നിലവിലുള്ള ഡാറ്റകള്‍ ഡിലീറ്റ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *