തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്ത് ഹരിതപരാതകകള്‍ പാറുമ്പോള്‍ നഗരത്തിന്റെ മറ്റൊരറ്റത്ത് പൂജപ്പുരയില്‍ ശംഖൊലികളുയരും. മുസ്്‌ലിം ലീഗിന്റെ കേരള യാത്രയും ബി.ജെ.പിയുടെ വിമോചന യാത്രയും വ്യാഴാഴ്ചയാണ് തലസ്ഥാനത്ത് കൊടിയിറങ്ങുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര പൂജപ്പുര മൈതാനിയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തോടെയാണ് സമാപിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര ചടങ്ങിന് നിറം പകരും. തമ്പാനൂര്‍, കരമന വഴി പൂജപ്പുരയിലെത്തുന്ന ഘോഷയാത്രക്ക് വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. പ്രമുഖ വ്യക്തികള്‍ക്ക് ചടങ്ങില്‍ പാര്‍ട്ടി അംഗത്വം നല്‍കും. കണ്ണൂര്‍ അമ്പലക്കുഴി കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വരൂപിച്ച ധനസഹായം കൈമാറും.
ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി എച്ച്. രാജ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, യാത്രയിലെ സ്ഥിരാംഗങ്ങളായ പി.എം.വേലായുധന്‍, കെ.പി. ശ്രീശന്‍ മാസ്റ്റര്‍, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, കോഓര്‍ഡിനേറ്റര്‍ എം.ടി. രമേശ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.ജനുവരി 20ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാണ് വിമോചന യാത്ര ആരംഭിച്ചത്. 140 നിയോജക മണ്ഡലങ്ങളിലും സ്വീകരണം ലഭിച്ചു.
