ജോര്‍ജ് ജോണ്‍
തിരുവനന്തപുരം: സോളാര്‍, ബാര്‍കോഴ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുയാണ്. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി മന്ത്രിപദം രാജിവെച്ച സാഹചര്യത്തിലാണ് വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുക. യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റ് എന്ന നിലയിലും സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഇടതു-വലതുമുന്നണികളെ മാറിപ്പരീക്ഷിക്കുന്ന കേരളത്തില്‍ ഭരണ തുടര്‍ച്ചയെന്ന പ്രതീക്ഷ ഏറെ കാത്തു സൂക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി തന്നെയാണ് ഇക്കുറി മാണിക്ക് പകരം സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജനകീയ ബജറ്റാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ഇത് മുന്‍നിര്‍ത്തി റവന്യൂ കമ്മി താഴ്ത്തി ജനകീയ ബജറ്റ് അവതരിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയെ തുറന്ന് കാണിക്കുമെന്നത് പ്രതിപക്ഷം പ്രത്യേകിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു വെച്ചുകഴിഞ്ഞു. ആരോപണ വിധേയര്‍ ബജറ്റ് അവതരിപ്പിക്കരുതെന്ന നിലപാടോടെ കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞ തവണ പ്രതിപക്ഷം നിയമസഭയില്‍ കാണിച്ച ആക്രോശം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇക്കുറി മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുണ്ടെങ്കിലും പരിധി വിട്ട് സഭയില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തയ്യാറാവില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ പരിധിവിട്ട പ്രതിഷേധം സഭയിലുണ്ടാവുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന മുന്‍ ധാരണ പ്രതിപക്ഷത്തിനുണ്ട്.
വരുമാനം കുറഞ്ഞതിനാലും ചെലവുകള്‍ വര്‍ധിച്ചതിനാലും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയും പെന്‍ഷന്‍ വര്‍ധനയും പ്രഖ്യാപിച്ചിട്ടുണ്ട്. 2011-12 വര്‍ഷം 23 ശതമാനമായിരുന്ന നികുതി വളര്‍ച്ച ഇക്കുറി 10 ശതമാനമായി കുറഞ്ഞു. കേന്ദ്രവിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ വരെ റവന്യൂ വരുമാനം 47,273.77 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17.52ശതമാനം വര്‍ധനവ്. ഇതേ കാലയളവിലെ റവന്യൂ ചെലവ് 52,141.44 കോടിയാണ്. ബാറില്‍ നിന്നുള്ള മദ്യ വില്പന വരുമാനം വേണ്ടെന്ന് വെച്ചതാണ് ഈ സര്‍ക്കാറിന് റവന്യൂ തിരിച്ചടി. ഈ വരുമാനം എങ്ങനെ പകരം കണ്ടെത്തുമെന്നതാണ് സര്‍ക്കാറിന്റെ വെല്ലുവിളി. സര്‍ക്കാറിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളായ മദ്യം, പെട്രോള്‍, ലോട്ടറി എന്നിവയെ മാത്രം ആശ്രയിക്കുന്നതിന് പകരമുള്ള എന്ത് സംവിധാനമാണ് വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ കൊണ്ടുവരുകയെന്നതാണ് കാത്തിരിക്കുന്നത്. കാര്‍ഷിക മേഖലയിലെ മാന്ദ്യവും ഉമ്മന്‍ചാണ്ടിയുടെ ബജറ്റിനെ ബാധിക്കും. റബര്‍, നാളികേര കര്‍ഷകര്‍ വിലയില്ലായ്മയുടെ കയത്തിലാണ്. ഇവരെ സംരക്ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ജനപ്രിയ ബജറ്റ് അവതരിപ്പിച്ചേ കഴിയൂ. എന്നാല്‍ ബജറ്റ് ഈ സമ്മേളനം പാസാക്കില്ല. പകരം താത്കാലിക ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയും. ബജറ്റ് പാസാക്കേണ്ടത് അടുത്ത സര്‍ക്കാരാണ്. അവര്‍ക്ക് വേണമെങ്കില്‍ തിരുത്തല്‍ ബജറ്റ് അവതരിപ്പിക്കാം.
