ഭഗവതി കാണും ഹാജിയുടെ സന്‍മനസ്

മലപ്പുറം:  ശ്രീകോവിലിനുള്ളില്‍ നിന്ന് ഭഗവതി പുറത്തേക്ക് നോക്കുമ്പോള്‍ സുലൈമാന്‍ ഹാജിയുടെ സന്‍മനസിനെ കാണാതിരിക്കില്ല. കാരണം,ഹാജിയുടെ സാഹോദര്യം ക്ഷേത്രത്തിന് മുകളില്‍ താഴികക്കുടമായി തിളങ്ങുന്നുണ്ടാകും. അതില്‍ മതമൈത്രിയുടെ കയ്യൊപ്പുണ്ടാകും.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള മുതുവല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ പ്രവാസി വ്യവസായിയായ കെ.പി.സുലൈമാന്‍ ഹാജിയുടെ കൈത്താങ്ങ് കേരളത്തിന്റെ മതസാഹോദര്യത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. സാമ്പത്തിക പരാധീനത മൂലം പുനരുദ്ധാരണം മുടങ്ങിക്കിടന്ന ക്ഷേത്രത്തിന്റെ ഭരണസമിതി അംഗങ്ങള്‍ നാട്ടുകാരന്‍ കൂടിയായ സുലൈമാന്‍ ഹാജി ഗള്‍ഫില്‍ നിന്ന് അവധിയിലെത്തിയപ്പോള്‍ കണ്ട് സഹായം തേടികയായിരുന്നു.

രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹം ക്ഷേത്രത്തിന്റെ താഴികക്കുടം നിര്‍മിക്കാനുള്ള 144 കിലോ ചെമ്പും പുറത്തു നിര്‍മിക്കുന്ന പന്തലിനുള്ള പണവും നല്‍കാമെന്നേറ്റു. മറ്റു നാട്ടുകാരുടെ കൂടി സഹായത്തോടെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തുടങ്ങി. തന്റെ വീടീന് വിളിപ്പാടകലെയുള്ള  ക്ഷേത്രത്തിന് പുതിയ മുഖം കൈവരുന്നതിലുള്ള സന്തോഷത്തോടെയാണ് സുലൈമാന്‍ ഹാജി കഴിഞ്ഞ ദിവസം ഗള്‍ഫിലേക്ക് മടങ്ങിയത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ കെ.പി.എസ്.ഗ്രൂപ്പിന്റെ ചെയര്‍മാനായ കെ.പി.സുലൈമാന്‍ ഹാജി ജിദ്ദയില്‍ രണ്ട് ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ ഉടമയാണ്. നാട്ടിലും കെ.പി.എസ്.ഗ്രൂപ്പിന് ബിസിനസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *