പരാമര്‍ശം പിന്‍വലിക്കണം, ഇല്ലെങ്കില്‍ 28-ാം തിയതി മറുപടി പറയും- ശോഭന ജോര്‍ജ്

ചെങ്ങന്നൂര്‍: 1991 ലെ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ശോഭന ജോര്‍ജ്. നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്‍വലിക്കാന്‍ ഹസന്‍ തയ്യാറായില്ലെങ്കില്‍ 28-ാം തിയതി തിരഞ്ഞെടുപ്പിനു ശേഷം താന്‍ മറുപടി പറയുമെന്ന് ശോഭന പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഹസന്‍ ഉദ്ദേശിച്ചതു പോലെ 91 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമറയ്ക്കു മുന്നില്‍ പറയാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ നടന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു.

1991ല്‍ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംപിടിച്ച ആളായിരുന്നു വിജയകുമാറെന്നും അവസാന നിമിഷം വിജയകുമാറിനെ വെട്ടി ശോഭന ജോര്‍ജിന് സ്ഥാനാര്‍ഥിത്വം നല്‍കിയെന്നും അതിന്റെ കാരണങ്ങള്‍ ക്യാമറയ്ക്കു മുന്നില്‍ പറയാനാകില്ലെന്നുമായിരുന്നു ഹസന്റെ പരാമര്‍ശം.

“അന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ പതിമൂന്ന് ഭാരവാഹികളില്‍ ഒരാളായിരുന്നു താന്‍. ഏകവനിതാ ഭാരവാഹിയും താന്‍ ആയിരുന്നു. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. അന്നത്തെ എ ഐ സി സി അധ്യക്ഷന്‍ രാജീവ് ഗാന്ധിയായിരുന്നു. അദ്ദേഹമാണ് സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്. രാജീവിനെ കൂടി അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ് ഹസന്‍ നടത്തിയിരിക്കുന്നത്. മാന്യതയുണ്ടെങ്കില്‍ എന്താണ് കാര്യമെന്ന് വെളിപ്പെടുത്തണം അല്ലെങ്കില്‍ പരാമര്‍ശം പിന്‍വലിക്കണം. ഒരു വനിത എന്ന നിലയിലും പൊതുപ്രവര്‍ത്തക എന്ന നിലയിലും വിഷയവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.” അവര്‍ പറഞ്ഞു.

അത്രയോഗ്യനായിരുന്നുവെങ്കില്‍ 2006 ല്‍ വിജയകുമാറിനെ എന്തുകൊണ്ട് സ്ഥാനാര്‍ഥിയാക്കിയില്ല? എന്തിനാണ് വിഷ്ണുനാഥിനെ 2006 ല്‍ സ്ഥാനാര്‍ഥിയാക്കിയത്. ഓരോരുത്തരുടെയും സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ കഥകളുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ. എനിക്കറിയാവുന്നത് ഞാനും പറയാം- ശോഭന പറഞ്ഞു. വിഷയത്തില്‍ വനിത കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ഹസന്റെ അഭിപ്രായത്തെ ആരും കോണ്‍ഗ്രസില്‍ പിന്തുണയ്ക്കുമെന്നു കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *