ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലും ആര്.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പി.എസ്.സി പരീക്ഷകളില്‍ കേന്ദ്രം ഇടപെടുന്നുവെന്നാണ് രാഹുലിന്റെ ആരോപണം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേക്ക് നിയമനം നടത്തുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഈ കീഴ്വഴക്കം അട്ടിമറിക്കുന്നതിന് ഒരു ഫൗണ്ടേഷന് കോഴ്സ് കൂടി കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ രേഖ സഹിതം പുറത്ത് വിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മെറിറ്റ് അട്ടിമറിച്ച് ആര്.എസ്.എസിന് താല്‍പ്പര്യമുള്ളവരെ തിരുകി കയറ്റുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഭാവി അപകടത്തിലാണെന്നും വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
