കൊച്ചി: ശരിയായ സ്വത്ത് വിവരം വെളിപ്പെടുത്താതെ സത്യവാങ്മൂലം സമര്‍പ്പിച്ച ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാെന്റ നാമനിര്‍ദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. സ്വത്ത് വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ തെറ്റുണ്ടെന്നാരോപിച്ച് കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ് ഹരജി നല്‍കിയത്.
സര്‍വിസ് സഹകരണ ബാങ്കിെന്റ പത്ത് രൂപയുടെ ഒാഹരി വിവരം പോലും പത്രികയ്ക്കൊപ്പമുള്ള സ്വത്ത് വിവരത്തില്‍ വെളിപ്പെടുത്തിയ സജി ചെറിയാന് ആലപ്പി റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയിലെ ഒാഹരി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഒാഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും സൂക്ഷ്മ പരിശോധന സമയത്ത് പരിഗണിച്ചില്ല. സജി ചെറിയാെന്റ പത്രിക സ്വീകരിക്കുകയും ചെയ്തു. ഇൗ സാഹചര്യത്തില്‍ സജി ചെറിയാെന്റ നാമനിര്‍ദേശ പത്രിക സാധുവല്ലെന്ന് പ്രഖ്യാപിക്കണമെന്നും തള്ളാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി.
