ഹരിത കോട്ടയില്‍ വിള്ളലോ ?

മലപ്പുറം: മലബാറിലെ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്നു മലപ്പുറം. ഏത് രാഷ്ട്രീയ സാഹചര്യത്തിലും യുഡിഎഫിനെ കൈവിടാതെ മലപ്പുറം കൂടെയുണ്ടായിരുന്നു. പക്ഷേ ഇന്ന് ഈ കോട്ടക്ക് പഴയ ഉറപ്പില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കോട്ടയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഓടി നടന്ന് വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയാണ് നേതാക്കള്‍.

മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ഇവിടെ അജയ്യരായി തുടര്‍ന്നിരുന്നത്. എന്നാല്‍ സിപിഎം വര്‍ഗീയ ദ്രൂവീകരണമെന്ന അരുണാസ്ത്രം പ്രയോഗിച്ചപ്പോള്‍ മലപ്പുറം കോട്ടക്ക് ഇളക്കം തട്ടിയിരിക്കുന്നു. യുഡിഎഫിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയായേക്കാവുന്ന സോളാര്‍ കേസില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ടതാണ് ഏറ്റവും വലിയ പ്രശ്‌നം. കോണ്‍ഗ്രസ് എംഎല്‍എമാരായ ആര്യാടനും എ.പി.അനില്‍കുമാറും ഇതില്‍ പ്രധാനികളാണ്. കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ആഭ്യന്തര പിണക്കമാണ് മറ്റൊരു പ്രശ്‌നം.

ജില്ലയിലെ ഭൂരിപക്ഷമായ മുസ്ലീം വിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ സിപിഎമ്മിനായിട്ടുണ്ട്. പെരിന്തല്‍മണ്ണ, മഞ്ചേരി, പൊന്നാനി, തിരൂര്‍, തവനൂര്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന് കാര്യമായ പ്രധിനിദ്യം ഉണ്ട്. ബിജെപിയുടെ മുന്നേറ്റവും കോണ്‍ഗ്രസുകാരുടെ കാലുവാരവും യുഡിഎഫിനെ ജില്ലയില്‍ തളര്‍ത്തും.

ഇതിനെ ചെറുക്കാനുള്ള നെട്ടോട്ടത്തിലാണ് യുഡിഎഫ് നേതാക്കള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി വികസനസര്‍ക്കാരെന്ന പേരെടുക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി നേരിട്ട് അവതരിപ്പിച്ച അവസാന ബഡ്ജറ്റില്‍ ജില്ലക്ക് അനേകം പദ്ധതികള്‍ വകയിരുത്തിയിട്ടുണ്ട്. പക്ഷേ ഇതൊന്നും യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയുള്ളതല്ല. വോട്ട് മാത്രമാണ് ശിലാസ്ഥാപന നാടകത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരപ്പനങ്ങാടി, ഫിഷിംഗ് ഹാര്‍ബര്‍, വടപുറം പാലം, മലപ്പുറം ക്യാന്‍സര്‍ സെന്റര്‍, നിലമ്പൂര്‍ ബൈപ്പാസ്, നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഓഫീസ്, ചീക്കോട് ശുദ്ധജലപദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടന്നു കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാകുന്നതിന്റെ കാര്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *