സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ചര്‍ച്ച ഡല്‍ഹിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സീറ്റ് ചര്‍ച്ചകളും മുറുകുന്നതിനിടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകല്‍ക്കായി തിങ്കളാഴ്ച ഹൈക്കമാന്‍ഡ് യോഗം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി മല്‍സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ്  നല്‍കേണ്ടതില്ലെന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെയും മണ്ഡലം മാറില്ലെന്ന മുരളീധരന്റെയും ചര്‍ച്ചകള്‍ യു ഡി എഫിലും കോണ്‍ഗ്രസ്സിലും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഹൈക്കമാന്റ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുളളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പൊതുമാനദണ്ഡം ഉള്‍പ്പെടെ ഈ യോഗത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെയാണു ചര്‍ച്ചയ്ക്കായി വിളിപ്പിച്ചിരിക്കുന്നത്.

ഈ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കുക. ഏതെങ്കിലും ഒരു നേതാവിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു പകരം മൂന്നു നേതാക്കളും ചേര്‍ന്നു തെരഞ്ഞെടുപ്പു പ്രചാരണം നയിക്കുക എന്നതാണു ഹൈക്കമാന്‍ഡിന്റെ മനസിലിരിപ്പെന്നാണു പുറത്തു വന്നിട്ടുള്ള വിവരം. മൂന്നു നേതാക്കളും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെണ്ടങ്കിലും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ സുധീരന്‍ തയാറാകും. കഴിഞ്ഞ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍തന്നെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. മൂന്നു തവണ വിജയിച്ചിട്ടുള്ളവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കണമെന്നാണു പ്രധാന നിര്‍ദേശം.

പ്രമുഖരും ഒഴിവാക്കാന്‍ പറ്റാത്തവരുമൊഴികെ ഈ മാനദണ്ഡം ബാധകമാക്കണമെന്നാണ് ആവശ്യം. പാര്‍ട്ടിയെ നയിക്കേണ്ട പ്രമുഖ നേതാക്കള്‍ അതല്ലെങ്കില്‍ സീറ്റ് നിലനിര്‍ത്താന്‍ അനിവാര്യനായ വ്യക്തി എന്ന സാഹചര്യങ്ങളില്‍ മാത്രമേ ഇളവു നല്‍കാന്‍ പാടുള്ളൂ. ആരോപണവിധേയരെ ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു നേതാക്കള്‍ പരസ്യപ്രസ്താവനയുമായി രംഗത്തു വരുന്നതു നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. നാലു തവണയില്‍ കൂടുതല്‍ ജയിച്ചവര്‍ മാറി നില്‍ക്കണമെന്നു യുഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടതു ചര്‍ച്ചയായി. സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരും പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്നു സുധീരന്‍ നിര്‍ദേശിക്കുകയുംചെയ്തു.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് ദേശീയതലത്തില്‍ കോണ്‍ഗ്രസിനു നിര്‍ണായകമാണ്. അതില്‍ത്തന്നെ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതു കേരളത്തിലാണ്. നിലവിലുള്ള സാഹചര്യത്തില്‍ ഒരുമിച്ചുനിന്നാല്‍ ഭരണത്തുടര്‍ച്ച അസാധ്യമല്ലെന്ന ചിന്ത യുഡിഎഫിലും കോണ്‍ഗ്രസിലും പ്രബലമാണ്. അതുകൊണ്ടുതന്നെ ഒരു തരത്തിലും ഗ്രൂപ്പുകളി ബാധിക്കാതെ തെരഞ്ഞെടുപ്പിലേക്കു പോകാന്‍ കഴിയണമെന്നു ഹൈക്കമാന്‍ഡിനു നിര്‍ബന്ധമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *