ഊര്‍ങ്ങാട്ടിരി: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിനു ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയുമായി ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘമെത്തി. വണ്ടൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട മാടംകോളനി, ഓടക്കയത്തെ നെല്യായി തുടങ്ങിയ പട്ടികവര്‍ഗ കോളനികളില്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ കോളനിവാസികളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. നെല്യായിയിലെ ഓടക്കയം ട്രൈബല്‍ റബര്‍ ഉത്പാദക സംഘം കെട്ടിട അങ്കണത്തില്‍ ഒത്തുകൂടിയ വിവിധ കോളനിക്കാര്‍ 90 ഓളം അപേക്ഷകളും പരാതികളുമാണ് കലക്ടര്‍ക്ക് രേഖാമൂലം നല്‍കിയത്.
ഓടക്കയത്തെ പട്ടികവര്‍ഗ കോളനികളുടെ വികസനത്തിന് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ കലക്ടര്‍ വാഗ്ദാനം ചെയ്തു. നെല്യായിയിലേക്ക് പാസായ അങ്കണവാടി അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. ആദിവാസികളുടെ കൈവശമുള്ള ഏക്കര്‍ കണക്കിന് ഭൂമിയില്‍ അനുയോജ്യമായ കൃഷിയിറക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യ വകുപ്പ് ആരോഗ്യ ക്യാംപ് സംഘടിപ്പിക്കും. കക്കൂസുകള്‍ ആവശ്യമുള്ളവര്‍ക്ക് ശുചിത്വ മിഷന് കക്കൂസുകള്‍ നിര്‍മിച്ച് നല്‍കും. ആദിവാസികള്‍ കൈവശം വെക്കുന്ന ഭൂമിക്ക് കൈവശരേഖ നല്കാന് നടപടി സ്വീകരിക്കും. സര്‍ക്കാറിന്റെയോ വനഭൂമിയോ അല്ലാത്തതും നിയമതടസങ്ങളില്ലാത്തതുമായി ഭൂമിക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായി സ്വമേധയാ കേസ് ബുക്ക് ചെയ്യുന്നതിന് നടപടി സ്വീകരിക്കും. കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും നടപടിയുണ്ടാകും.
കോളനി നിവാസികളുടെ പ്രധാന ആവശ്യമായ ഓടക്കയം റൂബിപ്പള്ളി റോഡ് വികസനത്തിന് 6.2 കോടിയുടെ നിര്‍മാണ അനുമതിയായതായും ഫെബ്രുവരി 23 ന് പൊതുമരാമത്ത് വകുപ്പു മന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പട്ടികവര്‍ഗ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകളുടെ സ്തംഭനാവസ്ഥ സംബന്ധിച്ച് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തും. നിരപ്പായ സ്ഥലങ്ങളിലും ദുര്‍ഘടമായ മലയോര പ്രദേശങ്ങളിലും വീട് നിര്‍മിക്കാന്‍ ഒരേ തുക അനുവദിക്കുന്നതില്‍ അപ്രായോഗികത ബോധ്യപ്പെട്ടതായി കലക്ടര്‍ പറഞ്ഞു. ഓടക്കയം പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുന്ന കാര്യവും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തും.
കോളനികളില്‍ തൊഴിലാളി സഹകരണ സംഘങ്ങള്‍ രൂപവത്ക്കരിക്കുന്ന കാര്യം പരിശോധിക്കും. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഉറപ്പു നല്കി. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനികളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുമെന്ന് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. റേഷന്‍ കാര്‍ഡില്ലാത്ത ബിജിതയ്ക്ക് ജില്ലാ കലക്ടര്‍ വേദിയില്‍ വെച്ച് റേഷന്‍ കാര്‍ഡ് നല്കി. കാര്‍ഡില്ലാത്ത മറ്റ് അപേക്ഷകര്‍ക്കും പ്രത്യേകം സജീകരിച്ച കൗണ്ടറില്‍ നിനന് റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു. ആധാര്‍ കാര്‍ഡ്, സീറോ ബാലന്‍സ് ബാങ്ക് എക്കൗണ്ട് എന്നിവ എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.സബ് കലക്ടര്‍ ജഅ്ഫര്‍ മാലിക്, ആര്.ഡി.ഒ. ജെ.ഒ. അരുണ്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
