മലപ്പുറം: മലപ്പുറം ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ടം മൂന്നു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ക്യാന്‍സര്‍ ചികിത്സക്കുള്ള ഏറ്റവും ആധുനിക സൗകര്യങ്ങളാണ് കേന്ദ്രത്തിലൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഇന്‍കന്‍ ഗ്രീന്‍ പരിസരത്ത് മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍, തിരുവനന്തപുരം ആര്‍.സി.സി., എം.സി.സി. തലശേരി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേ നിലവില്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങളുള്ളു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ ക്യാന്‍സര്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. ഈ സാഹചര്യത്തിലാണ് മലപ്പുറത്ത് ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം തുടങ്ങുന്നത്.
പാണക്കാട് സര്‍ക്കാര്‍ അധീനതിയിലുള്ള 25 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്രം തുടങ്ങുന്നത്. 340 കോടി രൂപയാണ് ആകെ ചിലവ് കണക്കാക്കിയിട്ടുള്ളത്. ഡോക്ടര്‍മാരുടേയും മറ്റും താമസ സൗകര്യമുള്‍പ്പെടെ ആകെ 6.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ പണിയും. സൈക്ലോട്രാന്‍, സൈബര്‍ നൈഫ് തുടങ്ങിയ അത്യന്താധുനിക ചികിത്സാ സംവിധാനങ്ങള്‍ വരെ ഒരുക്കും.
തിരുവനന്തപുരം ആര്‍.സി.സിയിലേതു പോലെ 25 അംഗ സമിതിയാണ് ഭരണ നിര്‍വഹണം നടത്തുക. മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ മന്ത്രി വൈസ് ചെയര്‍മാനും ആരോഗ്യ മന്ത്രി ആള്‍ട്ടര്‍നേറ്റ് വൈസ് ചെയര്‍മാനുമായിരിക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതം, എം.പി., എം.എല്‍.എ. ഫണ്ടുകള്‍ എന്നിവക്ക് പുറമെ വിദേശ ഏജന്‍സികള്‍, സ്വകാര്യ വ്യക്തികള്‍ , ഫൗണ്ടേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫണ്ടുകള്‍ കണ്ടെത്തും.
പി. ഉബൈദുല്ല എം.എല്‍.എ. അധ്യക്ഷനായിരുന്നു. എം.സി.സി.ആര്‍.ഐ. സ്‌പെഷല്‍ ഓഫീസര്‍ എന്‍. ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, വൈസ് ചെയര്‍പേഴ്‌സണ്‍ പെരുമ്പള്ളി സെയ്ദ്, കൗണ്‍സിലര്‍ കെ.കെ. ഉമ്മര്‍, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്‌റീന അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്‍കല്‍ എം.ഡി. ടി. ബാലകൃഷ്ണന്‍ സ്വാഗതവും എം.സി.സി.ആര്‍.ഐ.അഡ്വൈസര്‍ പി.രാജു നന്ദിയും പറഞ്ഞു.
