1,683 പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം:  ജില്ലയില്‍ ഭൂരഹിതരായ 445 പേര്‍ക്കു കൂടി സര്‍ക്കാര്‍ മൂന്ന് സെന്റ് വീതം ഭൂമി നല്‍കി. ഇവര്‍ ഉള്‍പ്പെടെ മൊത്തം 1,683 പേര്‍ക്ക് ഇന്നലെ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയം വിതരണം ചെയ്തു. ഭൂരഹിതയായ വളാഞ്ചേരിയിലെ പി. നഫീസയ്ക്ക് നഗരസഭാ പരിധിയില്‍ അഞ്ച് സെന്റ് പുറമ്പോക്ക് പട്ടയം നല്‍കി വ്യവസായ- ഐ.ടി. വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പട്ടയവിതരണം ഉദ്ഘാടനം ചെയ്തത്. മറ്റ് അഞ്ചു പേര്‍ക്കു കൂടി വേദിയില്‍ മന്ത്രി പട്ടയങ്ങള്‍ വിതരണം ചെയ്തു. മംഗലം വില്ലേജിലെ രതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായവും മന്ത്രി വിതരണം ചെയ്തു.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 808 ഗുണഭോക്താക്കള്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാംഘട്ടത്തില്‍ 445 ഗുണഭോക്താക്കള്‍ക്ക് 12 വില്ലേജുകളിലായി ആകെ 19 ഏക്കറിലധികം (7.69 ഹെക്റ്റര്‍) ഭൂമി വിതരണം ചെയ്തത്. ഇതോടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ജില്ലയില്‍ ഭൂമി ലഭിച്ചവര്‍ 1253 ആയി. ഇതു കൂടാതെ 1,229 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായങ്ങളും വിതരണം ചെയ്തു.

പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. പി.വി. അബ്ദുല്‍ വഹാബ് എം.പി., ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, എ.ഡി.എം. ഡോ.ജെ.ഒ. അരുണ്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, അസി. കലക്ടര്‍ അഫ്‌സാന പര്‍വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *