അറബ് സംസ്‌കാരം സംഘര്‍ഷഭൂമിയായി

മലപ്പുറം: വിജ്ഞാനത്തിന്റെ മഹത്തായ പാരമ്പര്യമുള്ള അറബ് സംസ്‌കാരം സംഘര്‍ഷ ഭൂമിയുടേതായി മാറിയെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞിമുഹമ്മദ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനവും വി.മുസഫര്‍ അഹമ്മദിന്റെ ‘ അറബ് സംസ്‌കൃതി വാക്കുകള്‍,വേദനകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മരുഭൂമിയിലൂടെ അറബികള്‍ നടത്തിയ യാത്രകള്‍ ലോകവിജ്ഞാനത്തിന് മുതല്‍കൂട്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഐലന്‍ കുര്‍ദിമാരെയാണ് ഈ നാടുകള്‍ സൃഷ്ടിക്കുന്നത്. എങ്ങനെയാണ് ഈ നാടുകള്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ തുടങ്ങിയതെന്ന് പുനരാലോചന വേണം. അതിന്റെ പ്രതിഫലനം കൂടിയാണ് മുസഫര്‍ അഹമ്മദിന്റെ അറബ് ‘സംസ്‌കൃതി വാക്കുകള്‍, വേദനകള്‍’ പുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാണത്ത് മുപഹമ്മദലി പുസ്തകം ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വി.മുസഫര്‍ അഹമ്മദ്,സമത ബുക്‌സ് മാനേജിംഗ് ട്രസ്റ്റി പ്രഫ.ടി.ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച ലൈബ്രറികള്‍ക്കുള്ള പുരസ്‌കാര വിതരണം കീഴാറ്റൂര്‍ അനിയന്‍ നിര്‍വ്വഹിച്ചു. വായന മല്‍സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ബഷീര്‍ ഹുസൈന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു.കോര്‍പ്പറേറ്റ് യുഗത്തിലെ മനുഷ്യാവസ്ഥ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ.കെ.പ്രദീപ് കുമാര്‍ വിഷയമവതരിപ്പിച്ചു. എന്‍.പ്രമോദ് ദാസ് സ്വാഗതവും കെ.പി.മധു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *