” നിയമസഭ ” യിലേക്ക് കുഴല്‍പണവും

കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് കുഴല്‍പണമൊഴുകുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് അനധികൃത പണം കേരളത്തിലേക്ക് കുഴലായി ഒഴുകുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും പാലക്കാട് ജില്ലയിലെ ചിറ്റൂരിലുമായി പിടിച്ചെടുത്ത നാലു കോടി രൂപ വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പിനു ചെലവഴിക്കാനുള്ളതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവ് വന്‍തോതില്‍ വര്‍ധിച്ചതോടെ കുറച്ചു കാലമായി രാഷ്ട്രീയപാര്‍ട്ടികള്‍ കണക്കില്‍പെടാത്ത പണം ഉപയോഗിക്കുന്നതായി ആരോപണങ്ങളുണ്ടായിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന കണക്കുകളേക്കാള്‍ ഏറെ പണം പ്രചാരണത്തിന് ഉപയോഗിക്കാറുണ്ട്. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പിനായി വന്‍തോതില്‍ പണം ഉപയോഗിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പരിധിയേക്കാള്‍ എത്രയോ വലുതാണ് ഈ തുക.

ഇത്തവണ തെരഞ്ഞെടുപ്പിന് സമയമേറെയുള്ളതിനാല്‍ ചെലവും വര്‍ധിക്കും. ഫഌക്‌സ് ബോര്‍ഡുകളുടെ നിര്‍മാണം എല്ലാ മണ്ഡലത്തിലും നടന്നു വരികയാണ്. ഫഌക്‌സുകള്‍, വാഹനപ്രചാരണം,പ്രവര്‍ത്തകരുടെ ദൈനംദിന ചെലവുകള്‍ തുടങ്ങി ലക്ഷക്കണിക്കിന് രൂപ ഓരോ മണ്ഡലത്തിലും ചെലവഴിക്കേണ്ടി വരും. ഇതിനായി വിദേശങ്ങളില്‍  നിന്നും കേരളത്തിന് പുറത്തു നിന്നുമുള്ള സാമ്പത്തിക സ്രോതസുകളെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ആശ്രയിക്കുന്നത്. പണം കേരളത്തിലെത്തുന്നതാകട്ടെ,കുഴല്‍ വഴിയും.

Leave a Reply

Your email address will not be published. Required fields are marked *