മലപ്പുറം: മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ രണ്ട് കേസ്സുകളിലായി പത്ത് കിലോ കഞ്ചാവ് പടിച്ചെടുത്തു. കേസില്‍ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ചക്കിപറമ്പന്‍ മൊഴ്തീന്‍കുട്ടി, ഇടുക്കി സ്വദേശി രവി എന്നിവരെ അറസ്റ്റ് ചെയ്തു. ചട്ടിപ്പറമ്പ് പി എം എസ് എ എല്‍ പി സ്കൂളിനുമുന്‍വശം വെച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് മൊഴ്തീന്കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ നിന്ന് ആറ് കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന്റെ സമീപത്തുവെച്ചാണ് നാല് കിലോ കഞ്ചാവുമായി ഇടുക്കി ഉടുമ്പന്‍ചോല രാജക്കാട് സ്വദേശി ചന്തന്കുഴിയില് രവിയെ എക്സൈസ് പിടികൂടിയത്. കഞ്ചാവ് മൊത്ത വ്യാപാരികളായ ഇവര്‍ ചെറുകിട കച്ചവടക്കാര്‍ക്കും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വിതരണത്തിനായാണ് ഇടുക്കിയില്‍ നിന്നും കഞ്ചാവ് എത്തിക്കുന്നതെന്നാണ് എക്സൈസ് പറയുന്നത്. മലപ്പുറം ,കോട്ടക്കല്‍, തിരൂര്‍ എന്നിവിടങ്ങളിലെ കഞ്ചാവ് മൊത്തവ്യാപാരികളാണ് പിടിയിലായ രണ്ടു പേരും. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ കഞ്ചാവ് വില്‍പ്പനയെന്നും എക്സൈസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അമ്പത് കിലോയിലധികം കഞ്ചാവും പത്തോളം വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. മഞ്ചേരിയില്‍ അട്ടപ്പാടി അഗളി താവളം സ്വദേശി അബ്ദുസലാമില്‍ നിന്നും 8 കിലോ കഞ്ചാവാണ് പിടികൂടിയത്. ആഡംബരകാറില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ വിലയുളള കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. തിരൂര്‍, മലപ്പുറം, കൂട്ടിലങ്ങാടി, മഞ്ചേരി എന്നിവിടങ്ങലില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന മൊത്ത വ്യാപാരിയാണ് സലാം.
