13 പരാതികള്‍ തീര്‍പ്പാക്കി

മലപ്പുറം: മനുഷ്യാവകാശ കമ്മീഷന്‍ മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന  സിററിങില്‍ പരിഗണിച്ച 56 പരാതികളില്‍ 13 എണ്ണം തീര്‍പ്പാക്കി. മഞ്ചേരി സ്വദേശിയായ ഗിരീഷിന് ഓട്ടോ പെര്‍മിറ്റ് അനുവദിക്കാന്‍ കമ്മീഷന്‍ മഞ്ചേരി നഗരസഭയ്ക്കു നല്‍കിയ ഉത്തരവു നടപ്പാക്കിയതായി പരാതിക്കാരനായ ഗിരീഷ് കമ്മീഷനെ അറിയിച്ചു. നഗരസഭയില്‍ ഓട്ടോകളുടെ എണ്ണം കൂടുതലാണെന്ന കാരണത്താലായിരുന്നു ഗിരീഷിന് പെര്‍മിറ്റ് നല്‍കാതിരുന്നത്. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ കമ്മീഷന്‍ ഗിരീഷിന് പെര്‍മിറ്റ് അനുവദിക്കാന്‍ ഉത്തരവിടുകയായിരുന്നു.
അമ്പലവട്ടം സ്വദേശിയായ യശോദയുടെ പരാതിയില്‍ ഉദ്യോഗസ്ഥരുടെ പിഴവു മൂലം പൊതുജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടി വരുമെന്ന് കമ്മീഷന്‍ അറിയിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവ് അയ്യപ്പന്‍ മരണമടഞ്ഞപ്പോള്‍ കെട്ടിട നിര്‍മാണ ക്ഷേമനിധിയില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന തുക ലഭിച്ചില്ലെന്നതായിരുന്നു യശോദയുടെ പരാതി. ഫയല്‍ കാണാനില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇവര്‍ക്ക് തുക നല്‍കാതിരുന്നത്. ഈ പരാതിയില്‍  ബില്‍ഡിങ് ബോര്‍ഡ് സെക്രട്ടറി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
ചാലിയാര്‍ സ്വദേശിയായ പത്മനാഭന് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും അനുവദിച്ച ധനസഹായം നല്‍കിയില്ലെന്ന പരാതിയില്‍ മൂന്നാഴ്ചക്കകം ധനസഹായം നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാരുണ്യ നോഡല്‍ ഓഫീസറോട് കമ്മീഷന്‍ നിര്‍ദേശിച്ചു. അന്യായമായി പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തു എന്ന എന്‍.കെ. ഹംസയുടെ പരാതിയില്‍ ജില്ലാ കലക്ടറില്‍ നിന്നും പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം തേടി. ക്ലാരി സ്വദേശിയായ എല്‍.സുധാകരന്റെ വായ്പ തിരിച്ചടവില്‍ കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്ത സബ്‌സിഡി ഇളവ് അനുവദിച്ചതായി പരാതിക്കാരന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *