ശബരിമല; ബിജെപിയും സിപിഎമ്മും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഎമ്മും രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ബിജെപിയുടെ തട്ടകമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല യുവതീപ്രവേശനം സംബന്ധിച്ച്‌ സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രിതമായ അക്രമമാണ് ഉണ്ടായതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9 കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 85 പേര്‍ക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. ജില്ലയില്‍ 204 പേര്‍ കരുതല്‍ തടങ്കലിലാണെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് ഡിജിപി അറിയിച്ചു. രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂരില്‍ സിപിഎംആര്‍എസ്‌എസ് വ്യാപക അക്രമം തുടരുകയാണ്. ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം, ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *