കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ദേശീയപതാക ഉയര്‍ത്താനുള്ള കൊടിമരത്തിന്റെ നിര്‍മ്മാണം തുടങ്ങി. സ്റ്റേഷന്റെ പടിഞ്ഞാറെ പ്രവേശന കവാടത്തിലാണ് കൊടിമരം നിര്‍മ്മിക്കുന്നത്. മൂന്നാഴ്ചകൊണ്ട് പണി പൂര്‍ത്തിയാക്കും. സ്റ്റീലില്‍ നിര്‍മ്മിക്കുന്ന കൊടിമരത്തിന്റെ ഫാബ്രിക്കേഷന്‍ ജോലിയും മറ്റും ഡല്‍ഹി ആസ്ഥാനമായ ബജാജ് എന്ന സ്ഥാപനത്തിനാണ് കരാര്‍. 10 ലക്ഷത്തിലധികം രൂപയാണ് ചെലവ്.
എല്ലാ എ വണ്‍ ഗ്രേഡ് റെയില്‍വേ സ്റ്റേഷനുകളിലും 100 അടി ഉയരത്തില്‍ കൊടിമരം സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം ജംഗ്‌ഷന്‍, തിരുവനന്തപുരം സ്റ്റേഷനുകളില്‍ കൊടിമരം സ്ഥാപിക്കുന്നത്. ഡിസംബര്‍ 31നകം എല്ലാ സ്റ്റേഷനുകളിലും കൊടിമരം സ്ഥാപിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും സെക്കന്തരാബാദില്‍ മാത്രമേ നടപ്പാക്കാന്‍ കഴിഞ്ഞുള്ളൂ. യാത്രക്കാരില്‍ ദേശീയബോധം വളര്‍ത്താനാണ് പ്രധാന സ്റ്റേഷനുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത്.
