തിരുവനന്തപുരത്ത് എസ്.ബി.ഐ ശാഖയില്‍ സമരക്കാരുടെ ആക്രമണം, ഓഫീസും കംപ്യൂട്ടറും അടിച്ച്‌ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം സ്‌റ്റാച്യൂവില്‍ സെക്രട്ടേറിയറ്റിന് സമീപമുള്ള എസ്.ബി.ഐ ട്രഷറി ബാങ്കിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ബാങ്കിലേക്ക് ഇരച്ച്‌ കയറിയ പതിനഞ്ചോളം സമരക്കാര്‍ മാനേജരുടെ ക്യാബിനും ഓഫീസും അടിച്ച്‌ തകര്‍ത്തു. കംപ്യൂട്ടറുകളും നശിപ്പിച്ചു. സംഭവത്തില്‍ ബാങ്ക് മാനേജര്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുകയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സംയുക്ത സമര സമിതിയുടെ സമരപ്പന്തലിന് സമീപത്തുള്ള ബാങ്കിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ബാങ്കിന്റെ മുകള്‍ നിലയിലെത്തിയ സമരക്കാര്‍ ജീവനക്കാരോട് പുറത്തിറങ്ങാനും ബാങ്ക് ഇന്ന് പ്രവര്‍ത്തിക്കാനാവില്ലെന്നും അറിയിച്ചു. ഇതനുസരിച്ച്‌ ബാങ്ക് ജീവനക്കാര്‍ പുറത്തിറങ്ങി. തുടര്‍ന്ന് ബാങ്ക് മാനേജരുടെ മുറിയിലെത്തിയ സമരക്കാര്‍ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രകോപിതരായ സമരക്കാര്‍ മാനേജരെ കൈയ്യേറ്റം ചെയ്യുകയും മുറിയിലെ മേശയുടെ മുകളിലുണ്ടായിരുന്ന ചില്ലും കംപ്യൂട്ടറുകളും ഫോണും അടിച്ച്‌ തകര്‍ക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം സമരക്കാര്‍ ബാങ്ക് വിട്ട് ഇറങ്ങിപ്പോയെന്നും ബാങ്ക് മാനേജര്‍ പറയുന്നു.

അതേസമയം, തിരുവനന്തപുരത്തെ പ്രധാന സമരകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സംഭവം ഏറെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം പണിമുടക്ക് നടന്നിരുന്നെങ്കിലും സമരക്കാര്‍ യാതൊരു പ്രശ്‌നവും ഉന്നയിച്ചിരുന്നില്ല. ഇന്ന് എന്താണ് സമരക്കാരെ പ്രകോപിച്ചതെന്ന കാര്യം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *