ശബരിമല: പ്രായം കൂടുതല്‍ തോന്നുന്ന തരത്തില്‍ മുടി നരപ്പിച്ച് വേഷപ്രച്ഛന്നയായി കഴിഞ്ഞ ദിവസം യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപച്ചേക്കും. അഡ്വ.ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് പിന്നാലെ കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജുവാണ് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു.
എന്നാല്‍ സംഭവം പൊലീസോ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. വേഷപ്രച്ഛന്നയായി യുവതി പ്രവേശിച്ചത് പൊലീസിന്റെ അറവോടെയാണോയെന്നും ആണെങ്കില്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് അനുമതി നല്‍കിയതെന്നും പൊലീസിന്റെ അറവോടെയല്ല പ്രവേശിച്ചതെങ്കില്‍ സുരക്ഷാ വീഴ്ചയാണെന്നും പന്തളം കൊട്ടാരം കോടതിയെ ബോധിപ്പിക്കും.
ഇത്തരത്തില്‍ വേഷപ്രച്ഛന്നരായി മാവോയിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും സന്നിധാനത്ത് കടന്നുകൂടാമെന്നും ഇത് ശബരിമലയുടെ സുരക്ഷയ്ക്ക് വന്‍ വീഴ്ചയാണ് വരുത്തുന്നതെന്ന ആശങ്കയും പന്തളം കൊട്ടാരം കോടതിയില്‍ ധരിപ്പിക്കും. യുവതീ പ്രവേശനം സാദ്ധ്യമാക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കൊട്ടാരം ഒരുങ്ങുന്നത്.
തകര്‍ക്കാന്‍ സര്‍ക്കാര്‍ ഗൂഢശ്രമം
ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനാലാണ് ആക്ടിവിസ്റ്റുകളെ ഇരുളിന്റെ മറവിലും വേഷം കെട്ടിച്ചും എത്തിക്കുന്നത്. ഇതിന് പിന്നിലെ സര്‍ക്കാര്‍ അജണ്ട വ്യക്തമാണ്. വിശ്വസികള്‍ക്ക് മര്‍ദ്ദനവും അവിശ്വാസികള്‍ക്ക് പരവതാനിയും വിരിക്കുന്ന സമീപനമാണ് സര്‍ക്കാരന്റേത്.
നാരായണ വര്‍മ്മ, പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി
