ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ പോര്; ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടമില്ല

തിരുവനന്തപുരം : കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ഇടത് എംഎല്‍എമാര്‍ക്കും നഗരസഭാ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. അതേസമയം നടനും എം പിയുമായ സുരേഷ് ഗോപിക്കും ഒ രാജഗോപാലിനും പരിഗണന നല്‍കിയിട്ടുണ്ട്. 

ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആണ് കൊല്ലം ബൈപ്പാസിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് രൂക്ഷമായത്. അതേസമയം പരിപാടിയുടെ മോടി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപ്പാസ് കടന്നുപോകുന്നത്.എന്നാല്‍ കൊല്ലം എംഎല്‍എ എം.മുകേഷിനു മാത്രമാണു വേദിയില്‍ ഇടം അനുവദിച്ചത്.

എം.നൗഷാദിനെയും വിജയന്‍ പിള്ളയെയും കൊല്ലം മേയര്‍ വി.രാജേന്ദ്രബാബുവിനേയും ഒഴിവാക്കി. അതേസമയം ബിജെപിയുടെ എംഎഎല്‍എയായ ഒ.രാജഗോപാലിനും രാജ്യസഭാംഗങ്ങളായ വി.മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ ഇരിപ്പിടവും നല്‍കി.

ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, ജി.സുധാകരന്‍, കെ.രാജു, എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സോമപ്രസാദ് എന്നിവരും ഉദ്ഘാടന വേദിയിലുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് അദ്ദേഹം ചൊവ്വാഴ്ച വൈകിട്ട് കേരളത്തിലെത്തും. കൊല്ലത്തും തിരുവനന്തപുരത്തും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

വൈകിട്ടു നാലുമണിക്ക് തിരുവനന്തപുരത്തു വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്നു ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു തിരിക്കും. 4.50ന് ആശ്രാമം മൈതാനത്തെ ചടങ്ങില്‍ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി ജി.സുധാകരന്‍ എന്നിവരും പങ്കെടുക്കും.
മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്. 1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം- ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കുന്നത്. 5.30ന് കൊല്ലം കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ എന്‍ഡിഎ മഹാസംഗമത്തില്‍ പ്രസംഗിക്കും.

ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍നിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി ഏഴുമണിക്ക് തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രദര്‍ശനം നടത്തും. തുടര്‍ന്ന് എട്ടുണിക്ക് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നു ഡെല്‍ഹിയിലേക്കു മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *