മലേഷ്യന്‍ ഓപ്പണ്‍: സൈന സെമിയില്‍ പുറത്ത്

ക്വാലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ നിന്നും മുന്‍ ചാന്പ്യന്‍ സൈന നെഹ് വാള്‍ പുറത്തായി. സെമിഫൈനലില്‍ ലോക ചാന്പ്യന്‍ സ്പെയിന്‍റെ കരോളിന മാരിനോടാണ് സൈന അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തന്നെ സൈന തോല്‍വി സമ്മതിച്ചു. സ്കോര്‍: 21-16, 21-13.

തകര്‍പ്പന്‍ ഫോമിലായിരുന്ന സ്പാനിഷ് താരത്തോട് ആദ്യ ഗെയിമില്‍ സൈന പൊരുതി നിന്നെങ്കിലും രണ്ടാം ഗെയിമില്‍ കാര്യമായ ചെറുത്തുനില്‍പ്പ് ഉണ്ടായില്ല. കഴിഞ്ഞ ലോക ചാന്പ്യന്‍ഷിപ്പിലും മാരിനോട് സൈന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മാരിന്‍ 6-5 എന്ന നിലയില്‍ മുന്നിലെത്തുകയും ചെയ്തു.

ക്വാര്‍ട്ടറില്‍ ജപ്പാന്‍ സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സൈന സെമി ബര്‍ത്ത് നേടിയത്. എന്നാല്‍ ക്വാര്‍ട്ടറിലെ മികവ് സൈനയ്ക്ക് സെമിയില്‍ തുടരാന്‍ കഴിയാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *