ആലപ്പാട് തീരത്ത് കരിമണല്‍ ഖനനം നിര്‍ത്തി വച്ച് പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഖനനം നിര്‍ത്തിയാല്‍ അത് വ്യവസായ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യായമായ ഏത് പ്രശ്നത്തിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
വ്യവസായത്തിനൊപ്പം പരിസ്ഥിതിക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വ്യവസാമാണ് സര്‍ക്കാരിന് താല്പര്യം. ആലപ്പാട് വിഷയത്തെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായ എന്തെങ്കിലുമുണ്ടോ എന്നതിനെ കുറിച്ച് പഠിക്കാനായി ഒരു വിദഗ്ദ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
പ്രദേശവാസികളായവര്‍ പ്രശ്ന പരിഹാരത്തിനായി സമിതിയുമായി സഹകരിക്കണമെന്നും പരാതികള്‍ പഠന കമ്മറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പാട് തീരത്ത് കടല്‍ ഭിത്തി പണിയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കുകയല്ല പരിഹരിക്കുകയാണ് വേണ്ടത്. സംഘര്‍ഷം ഉണ്ടാക്കുകയെന്നത് സര്‍ക്കാര്‍ നയമല്ല.
അതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് സീവാഷിംഗ് നിര്‍ത്തിയത്. ഇതില്‍ തൊഴിലാളി സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടായിരിക്കാം. പക്ഷേ തൊഴിലാളി സംഘടകളുടെ മാത്രം അഭിപ്രായം നോക്കി തീരുമാനമെടുക്കാന്‍ സാധിക്കില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം പൊതുതാല്പര്യം നോക്കിയാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
