തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പട്ടികയിലെ പിഴവിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. എ.ഡി.ജി.പി അനില്‍കാന്തിനോട് റിപ്പോര്‍ട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക അബദ്ധമായതോടെ പൊലീസും നിയമവകുപ്പും പരസ്പരം പഴിചാരുന്നതിനിടെയാണ് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പും പറയുന്നു. പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. വിര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്ത് പമ്ബയില്‍ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിന്ദുവും കനകദുര്‍ഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാല്‍ മാത്രം നല്‍കാനാണ് ഈ ലിസ്റ്റ് നല്‍കിയത്.
ഇതിനിടയില്‍ സര്‍ക്കാരിന്റെ പട്ടികയിലെ 12ആമത് പേരുകാരി താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വെളിപ്പെടുത്തി. 48 വയസുകാരിയായ ശാന്തിയാണ് താന്‍ നവംബറില്‍ ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തിയത്. 52 അംഗ തീര്‍ത്ഥാടക സംഘത്തിനൊപ്പമാണ് താന്‍ എത്തിയത്. ഭര്‍ത്താവ് നാഗപ്പനും കൂടെയുണ്ടായിരുന്നുവെന്നും വെല്ലൂര്‍ സ്വദേശി ശാന്തി വെളിപ്പെടുത്തി. സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളിലും ഇവര്‍ക്ക് 48 വയസ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഇന്നലെ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ 51പേരുടെ പട്ടിക സമര്‍പ്പിച്ചത്.
