വയനാട് : കോണ്‍ഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്. പ്രതിയായ ജോര്‍ജിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും പോലീസ് പിടികൂടുന്നില്ലെന്നും കേസ് ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും നടപടിയുണ്ടായില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. പ്രതിയെ ഇനിയും പിടിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി.
പ്രതിയായ ഒ.എം. ജോര്‍ജ് സംഭവത്തിന് ശേഷം ഒളിവില്‍ പോയതാണ്. ബെംഗളൂരുവില്‍ ഇയാള്‍ ഉണ്ടെന്ന് വിവരം ലഭിച്ചുവെങ്കിലും പോലീസ് ഇതുവരെ കണ്ടെത്തിയില്ല. ഏതാനും ദിവസം മുമ്ബ് ചില യു.ഡി.എഫ് നേതാക്കളുടെ മദ്ധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു.
പെണ്‍കുട്ടി അവധി ദിവസങ്ങളില്‍ രക്ഷിതാക്കളോടൊത്ത് ജോര്‍ജിന്റെ വീട്ടില്‍ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ ഒന്നരവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
