‘തിരഞ്ഞെടുപ്പിന് ശേഷം വിധി നടപ്പാക്കും’, കനക ദുര്‍ഗയ്‌ക്ക് ഊമക്കത്തിലൂടെ വധഭീഷണി

കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്‌ക്ക് ഊമക്കത്ത് വഴി വധഭീഷണി. കനക ദുര്‍ഗ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. തിരഞ്ഞെടുപ്പ് കഴിയും വരെ കനക ദുര്‍ഗയ്‌ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിധി നടപ്പാക്കുമെന്നും കത്തില്‍ പറയുന്നു. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കി. ഇതു സംബന്ധിച്ച്‌ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൈപ്പടയിലെഴുതിയ കത്ത് പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോസ്റ്റ് ചെയ്‌തതെന്ന് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ജനുവരി രണ്ടിനാണ് കനക ദുര്‍ഗയും ബിന്ദു അമ്മിണിയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പിന്നീട് ഇവര്‍ രഹസ്യകേന്ദ്രങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ആനമങ്ങാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ജോലിചെയ്യുന്ന കനക ദുര്‍ഗ ലീവ് അവസാനിച്ചതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കള്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് വീട്ടില്‍ പ്രവേശിപ്പിക്കാതെ വന്നതോടെയാണ് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. സുപ്രീംകോ‌ടതി നിര്‍ദേശപ്രകാരം കനകദുര്‍ഗയ്‌ക്ക് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *