മോദി വാക്ക് പാലിച്ചില്ലെങ്കില്‍ പത്മഭൂഷണ്‍ തിരികെ നല്‍കും: അണ്ണാ ഹസാരെ

റാലേഗണ്‍ സിദ്ധി: രാജ്യത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയില്ലെങ്കില്‍ തന്റെ പത്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ.

അഴിമതിക്കെതിരെയുള്ള ലോക്പാല്‍-ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകല ഉപവാസ സമരം നടത്തുകയാണ് അണ്ണാ ഹസാരെ. ഹസാരെയുടെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ആശങ്ക തുടങ്ങി. 81-കാരനായ ഹസാരെയുടെ രക്തസമ്മര്‍ദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ഹസാരെയുടെ ആരോഗ്യനില മോശമാകുന്ന കാര്യം ഡോ. ദനഞ്ജയ് പോട്ടെ വെളിപ്പെടുത്തിയത്. തൂക്കവും നാലുകിലോ കുറഞ്ഞിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാകും എന്ന് ഹസാരെ പറഞ്ഞു.

ഇതിനിടെ സമരത്തിന് പിന്തുണയുമായി ശിവസേന രംഗത്തെത്തി. ഹസാരെയുടെ ജീവിതം വെച്ചു പന്താടരുതെന്നു ഓര്‍മിപ്പിച്ച്‌ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ സര്‍ക്കാര്‍ നടത്തുന്ന അനുനയ ശ്രമങ്ങള്‍ എല്ലാം ഹസാരെ തള്ളുകയാണ്. ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ മരണം വരെയും സമരം തുടരുമെന്ന നിലപാടില്‍ ഉറച്ച്‌ നിക്കുകയാണ് അണ്ണാ ഹസാരെ.

അഹമ്മദ്‌നഗറിലെ ജന്മഗ്രാമമായ റാലേഗണ്‍ സിദ്ധിയിലാണ് ഹസാരെ സമരം നടത്തുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യമായി ഗ്രാമവാസികള്‍ ഞായറാഴ്ച സംസ്ഥാനപാത ഉപരോധിച്ചു. അഹമ്മദ് നഗര്‍പൂന സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം പ്രവര്‍ത്തകര്‍ ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു.

ഇതോടെ റോഡിന് ഇരുഭാഗത്തും ആറുകിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ നിരന്നു. അനുനയനീക്കങ്ങള്‍ പരാജയപ്പെട്ടതോടെ നൂറോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുതകുന്ന സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ഹസാരെ ഉന്നയിക്കുന്നുണ്ട്. സമരത്തിന് ഒട്ടേറെ കര്‍ഷകസംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *