സുനന്ദ പുഷ്‌കര്‍ കേസ്: വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍. ഫെബ്രുവരി 21ന് കോടതി കേസ് പരിഗണിക്കും. പ്രോസിക്യൂഷനെ സഹായിക്കാനനുവദിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേരത്തെ കേസില്‍ പട്യാല ഹൗസ് കോടതി വാദം നടത്തിയിരുന്നു. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. ‍വിഷാദരോഗത്തിനുള്ള മരുന്ന് അമിത അളവില്‍ കഴിച്ചാണ് സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്‌തത് എന്നായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

അതേസമയം, തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, കൈമാറിയ ഡിജിറ്റല്‍ തെളിവുകളില്‍ ചിലത് തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച പൊലീസ് വിശദീകരണം കോടതി ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇത് കൊലപാതകമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. പക്ഷെ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *