നാമജപം ആയുധമാക്കാന്‍ കഴിയുന്നു, ശബരിമലയില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നെന്ന് ശശികുമാര വര്‍മ്മ

പന്തളം: സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്ന ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. മറ്റൊരു ബെഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആരെയോ തോല്‍പ്പിക്കാനാണ് 51 പേര്‍ മലകയറിയെന്ന് പറഞ്ഞത്. ഒടുവില്‍ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി തുറന്ന കോടതിയില്‍ പരിഗണിക്കും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കും. ശബരിമലയുമായി ബന്ധപ്പെട്ട 65 ഹര്‍ജികളാണുള്ളത്. തന്ത്രി കണ്ഠരര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം,അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോന്‍, പി.സി. ജോര്‍ജ്, രാഹുല്‍ ഈശ്വര്‍ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 റിവ്യൂ ഹര്‍ജികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *