തിരുവനന്തപുരം: സുപ്രീം കോടതിയിലെ ശബരിമലക്കേസ് നടത്തിപ്പിനെ ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറും തമ്മില്‍ ഭിന്നത മുറുകുന്നു. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എ.കെ.ജി സെന്ററിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ബോര്‍ഡിലെ ചില നടപടികളില്‍ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം കോടിയേരിയെ കമ്മിഷണര്‍ ധരിപ്പിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടതായി വിവരമുണ്ട്.ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേസ്വം കമ്മീഷണര്‍ എന്‍.വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പദ്മകുമാര്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കിയതായാണ് സൂചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം പ്രസിഡന്റ് വിളിച്ചു ചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്.
യുവതീപ്രവേശന പ്രശ്നത്തില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ നിലപാടിനോട് മുഖം തിരിക്കുകയും അടിക്കടി നിലപാടുകള്‍ മാറ്റി വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തതില്‍ പ്രസിഡന്റ് എ. പത്മകുമാറിനോട് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും അതൃപ്തിയുണ്ട്. കമ്മിഷണറാവട്ടെ സര്‍ക്കാര്‍ നിലപാടിനൊപ്പമാണ്. പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവയ്പ്പിക്കാന്‍ നീക്കമുണ്ടെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് എം.രാജഗോപാലന്‍ നായര്‍ പുതിയ പ്രസിഡന്റായേക്കുമെന്നും പ്രചാരണമുണ്ട്. ഇന്നലെ കമ്മിഷണര്‍ക്കൊപ്പം കോടിയേരിയെ കാണാന്‍ രാജഗോപാലന്‍ നായരും ഉണ്ടായിരുന്നു. പക്ഷേ ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ദേവസ്വം പ്രസിഡന്റിനെ മാറ്റുന്നത് പ്രതികൂലമാവുമെന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട്.
