പത്തനംതിട്ട: വീട്ടിലും അയല്‍പക്കങ്ങളിലുമുള്ള വോട്ടര്‍മാരെ വോട്ടുചെയ്യുന്നതിന് പ്രേരിപ്പിക്കുമെന്ന് ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ (28) പ്രതിജ്ഞയെടുക്കും. പോളിംഗ് ശതമാനം കുറഞ്ഞ ജില്ല എന്ന പേര് മാറ്റി പത്തനംതിട്ടയില്‍ വോട്ടര്‍മാരെ പരമാവധി ബൂത്തിലെത്തിക്കുന്ന മിഷന് 80 ശതമാനം പദ്ധതിയുടെ ഭാഗമായാണ് പ്രതിജ്ഞ. പത്തനംതിട്ട മാര്‍ത്തോമ്മ സ്കൂളില്‍ ഉച്ചയ്ക്ക് 12.30 ന് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മെയ് 16 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്റെ വീട്ടിലും അയല്പക്കത്തുമുള്ള വോട്ടവകാശമുള്ള എല്ലാവരെയും വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ ചൊല്ലുന്ന പ്രതിജ്ഞ. ഇതോടൊപ്പം പ്രത്യേകം തയാറാക്കിയ പേപ്പറില്‍ അവര്‍ ഒപ്പുരേഖപ്പെടുത്തും. വോട്ടര്‍മാര്‍ക്ക് അവബോധം നല്‍കാനായി ആവിഷ്കരിച്ച സ്വീപ് പരിപാടിയില്‍ ഒപ്പുശേഖരണവും, റേഷന്‍ കടകളിലൂടെ സന്ദേശം നല്‍കുന്നതിനും പുറമേയാണ് വിദ്യാര്‍ഥികള്‍ വഴി ഓരോ വീട്ടിലും വോട്ടുചെയ്യണമെന്ന സന്ദേശമെത്തിക്കുക. സ്വീപ്പ് നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ആര് പ്രേംകുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായ കിരണ്‍ റാം, രാരാരാജ്, എം.റ്റി ജയിംസ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍.ഐ അഗസ്റ്റിന്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അനു വി.കുര്യന്, സ്കൂള്‍ പ്രഥമാധ്യാപിക ഷീബ എ.തടിയില്‍ എന്നിവര്‍ പങ്കെടുക്കും.
