പരാതിയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിനോട് പറയൂ; അന്‍വറിന് മറുപടിയുമായി സിപിഐ

മലപ്പുറം: നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐ. നിയമം ലംഘിച്ച്‌ അന്‍വറിനെ സഹായിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയില്ലെനെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. നിയമത്തിന് വിധേയമായി മാത്രമെ സിപിഐ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്മണദാസ് പറഞ്ഞു.

ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് ആരും കരുതേണ്ട. അന്‍വറിന് പരാതിയുണ്ടെങ്കില്‍ അത് ആദ്യം പറയേണ്ടത് സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിനോടാണെന്നും സിപിഐ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

പൊന്നാനിയില്‍ സിപിഐ ആവും വിധമെല്ലാം തന്നെ ഉപദ്രവിച്ചെന്ന് ഒരു ടിവി ചാനലിന്‍ നല്‍കിയ അഭിമുഖത്തില്‍ പിവി അന്‍വര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ല. അവര്‍ക്ക് തന്നേക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാം.

ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചു. സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ അവര്‍ തന്നെ എതിരാളിയാക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *