കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കാലിടറുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുസ്ലിം ലീഗിന്റെ പിന്തുണ. ഉമ്മന്‍ചാണ്ടിയില്ലാതെ യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വടം വലിയെ തുടര്‍ന്ന്,മല്‍സര രംഗത്തു നിന്ന് താന്‍ വിട്ടുനില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തതോടെയാണ് മുന്നണിയിലെ പ്രധാനഘടകകക്ഷിയായ മുസ്്‌ലിം ലീഗ് രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ പ്രശ്്‌നങ്ങള്‍ മൂലം ഉമ്മന്‍ചാണ്ടി മാറി നിന്നാല്‍ അത് യു.ഡി.എഫിന്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളും പി.കെ.കുഞ്ഞാലികുട്ടിയും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. എ.കെ.ആന്റണിയുമായും ഇക്കാര്യം അവര്‍ ചര്‍ച്ച ചെയ്തു.
സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് ഏറെ മുന്നോട്ടു പോയ മുസ്്‌ലിം ലീഗിന് കോണ്‍ഗ്രസിലെ തര്‍ക്കം അലോസരമുണ്ടാക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകാന്‍ വൈകുന്നതില്‍ ലീഗ് നേതൃത്വം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
