ഭൂരിപക്ഷത്തില്‍ മുസ്്‌ലിം ലീഗിന് പുതിയ ചരിത്രം

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭുരിപക്ഷത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍. ഇത്തവണ പി.കെ.കുഞ്ഞാലികുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും നേടിയ മിന്നുന്ന വിജയങ്ങള്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. പാര്‍ട്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ രണ്ടു പേരും വിജയിച്ചത്. ഇതിന് മുമ്പ് പൊന്നാനിയില്‍ 1999 ല്‍ ജി.എം.ബനാത്ത് വാല നേടിയ ഏറ്റവും വലിയ വിജയമാണ് ഇത്തവണ കുഞ്ഞാലികുട്ടിയും മുഹമ്മദ് ബഷീറും മറികടന്നത്.
പൊന്നാനിയില്‍ ഇത്തവണ ഇ.ടി.മുഹമ്മദ് ബഷീറിന് ലഭിച്ചത് 1.82 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ്. 1999 ല്‍ ജി.എം.ബനാത്ത് വാല നേടിയ 129478 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പൊന്നാനിയിലെ ഇതുവരെയുള്ള ഉയര്‍ന്ന ഭൂരിപക്ഷം. ഇതാണ് ഇത്തവണ ഇ.ടി.മുഹമ്മദ് ബഷീര്‍ മറികടന്നത്. 2004 ല്‍ ഇ.അഹമ്മദിന് ലഭിച്ചത് 102758 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ഇ.ടി.മുഹമ്മദ് ബഷീറിന് ഇതിന് മുമ്പ് ലഭിച്ച ഉയര്‍ന്ന ഭൂരിപക്ഷം 2009 ല്‍ നേടിയ 82684 വോട്ടുകളായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 254190 വോട്ടുകളിലേക്ക് ചുരുങ്ങിയത് മുസ്്‌ലിം ലീഗിനെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ആ ആശങ്കകളെയെല്ലാം കാറ്റില്‍ പറത്തി എക്കാലത്തെയും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ വിജയിച്ചത്.
മുസ്്‌ലിംലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് മലപ്പുറം മണ്ഡലത്തില്‍ ഇത്തവണ പി.കെ.കുഞ്ഞാലികുട്ടി വിജയിച്ചിരിക്കുന്നത്.രണ്ടര ലക്ഷത്തിലധികം വോട്ടുകളാണ് ഇത്തവണ അദ്ദേഹത്തിന്റെ ഭൂരിപക്ഷം. 2014 ല്‍ മലപ്പുറത്ത് ഇ.അഹമ്മദ് വിജയിച്ചത് 194739 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലികുട്ടി ആദ്യമായി ലോക്‌സഭയിലേക്ക് മല്‍സരിച്ചപ്പോള്‍ ലഭിച്ചത് 171023 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. ഇത്തവണ അത് ഒരു ലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കുഞ്ഞാലികുട്ടിക്ക് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *