ബി.ജെ.പി കയ്യേറിയ പാര്‍ട്ടി ഓഫീസ് മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തിരിച്ചുപിടിച്ച്‌ മമതാ ബാനര്‍ജിയുടെ പ്രതികാരം

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി കയ്യേറിയ തങ്ങളുടെ പാര്‍ട്ടി ഓഫീസ് നേരിട്ട് ചെന്ന് തിരിച്ച്‌ പിടിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബി.ജെ.പി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് വിവാദ സംഭവം നടന്നത്. മമത കയ്യേറിയത് തങ്ങളുടെ ഓഫീസാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗിന്റെ നേതൃത്വത്തില്‍ കയ്യേറിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് തിരിച്ചുപിടിക്കുക മാത്രമാണ് തങ്ങള്‍ ചെയ്‌തതെന്നാണ് മമതയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

മേയ് 30ന് മോദിയുടെ സത്യപ്രതിജ്ഞ നടക്കുമ്ബോള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നൈഹാട്ടി മേഖലയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നിരുന്നു. ഇതിന് ശേഷം നടന്ന പൊതുസമ്മേളനത്തിന് ശേഷം ബി.ജെ.പി ഓഫീസിലേക്ക് എത്തിയ മമതയും കൂട്ടരും ഓഫീസിന്റെ ചുവരിലും മറ്റും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം വരച്ചു. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മമത ഓഫീസ് തിരിച്ച്‌ പിടിച്ചതായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഓഫീസിലെ കാവി നിറമുള്ള ചുമരുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം വരച്ച്‌ മമത നേരിട്ടാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഈ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തന്റെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ മമത രൂക്ഷമായ പ്രതികരണം നടത്തിയത്. ജയ് ശ്രീറാം വിളിച്ച്‌ ബി.ജെ.പിക്കാരോട് നിങ്ങള്‍ ബംഗാളുകാര്‍ അല്ലെന്നും പുറത്ത് നിന്നും വന്നവരാണെന്നുമായിരുന്നു മമതയുടെ പ്രതികരണം. ഇതിന് പിന്നാലെ മമതയ്‌ക്ക് ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്‌ത 10 ലക്ഷം കാര്‍ഡുകള്‍ അയയ്‌ക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പല ഓഫീസുകളും ബി.ജെ.പിയുടേതായി മാറിയതായി ആരോപണമുണ്ട്. മാത്രവുമല്ല പല സ്ഥലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മേയ് 28ന് രണട് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *