പണിതുടങ്ങി അമിത് ഷാ; ജമ്മു കശ്മീര്‍ അതിര്‍ത്തി പുതുക്കിപ്പണിയല്‍ ആദ്യ ഉദ്യമമെന്ന് സൂചന

ന്യൂഡല്‍ഹി: ജമ്മു മേഖലയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനെന്നവണ്ണം ജമ്മു കശ്മീരില്‍ നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആലോചന തുടങ്ങി. നിയമസഭയില്‍ ജമ്മു മേഖലയുടെ പ്രാതിനിധ്യം കൂടുന്നത് ബിജെപിക്കു സംസ്ഥാന ഭരണം പിടിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ നേരത്തെ നിര്‍ദ്ദേശിച്ച ലക്ഷ്യമായ ‘മിഷന്‍ 44 പ്ലസ്’ എളുപ്പമാക്കും എന്നാണു വിലയിരുത്തല്‍.

സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന വകുപ്പും (370) സംസ്ഥാനത്തു സ്ഥിരമായി വസിക്കുന്നവരെയും അവരുടെ അവകാശങ്ങളെയും സംബന്ധിച്ച വകുപ്പും (35എ) ഭരണഘടനയില്‍ നിന്ന്, എടുത്തുകളയുമെന്നും സംസ്ഥാനത്തേക്കു കശ്മീരി പണ്ഡിറ്റുകളുടെ സുഗമമായ തിരിച്ചുപോക്ക് ഉറപ്പാക്കുമെന്നുമാണ് ബിജെപിയുടെ വാഗ്ദാനം. ഇവ സാധ്യമാകണമെങ്കില്‍ ആദ്യം ഭരണം പിടിക്കണമെന്ന വിലയിരുത്തലിലാണ് ഇപ്പോഴത്തെ നീക്കം. മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും, അതിര്‍ത്തി നിര്‍ണയ കമ്മീഷനെ നിയമിക്കാനുമാണ് ഷാ പദ്ധതിയിടുന്നത്. മണ്ഡലത്തിന്റെ സാധ്യതയും വലിപ്പവും വിലയിരുത്തിലാവും അതിര്‍ത്തികളില്‍ മാറ്റം വരുത്തുക. എത്ര സീറ്റുകള്‍ പട്ടിക ജാതി സംവരണമുണ്ടെന്നതും കണക്കിലെടുത്താണ് പുതിയ ആലോചനകള്‍.

35എ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിലവില്‍ വരുംവരെ കേസ് പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ കേസ് മാറ്റിയിരിക്കുകയാണ്. നിലവില്‍ രാഷ്ട്രപതി ഭരണത്തിലുള്ള സംസ്ഥാനത്ത് മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനെ നിയോഗിക്കുന്നത് ഉള്‍പ്പെടെ അമിത് ഷാ, ഗവര്‍ണര്‍ സത്പാല്‍ മാലിക്കുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തെന്നാണു സൂചന.

കഴിഞ്ഞ ഡിസംബര്‍ 18 നാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായത്. 6 മാസം പൂര്‍ത്തിയാകുന്നതിനാല്‍ അതു നീട്ടാനുള്ള പ്രമേയം പാര്‍ലമെന്റ് ഈ മാസം 3-ാം വാരം ചേരുമ്ബോള്‍ പരിഗണിക്കും. 1995 ലാണ് അവസാനമായി ജമ്മു കശ്മീരില്‍ അതിര്‍ത്തി മാറ്റങ്ങള്‍ വരുത്തിയത്. അന്നും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്റെ കീഴിലായിരുന്നു. പത്ത് വര്‍ഷം കൂടുമ്ബോള്‍ മണ്ഡലങ്ങളുടെ അതിര്‍ത്തിയില്‍ പുതുക്കിപ്പണിയലുകള്‍ നടത്താം എന്നാണ് ഭരണഘടനയില്‍ അനുശാസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *