കേരളത്തെ വിറപ്പിച്ച നിപ്പ വീണ്ടും സ്ഥിരീകരിച്ചതില്‍ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനോടകം പനി ബാധിച്ച് അഞ്ചു പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.ഇതില്‍ മൂന്ന് പേര്‍ രോഗിയായ വിദ്യാര്‍ത്ഥിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂര്‍ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനുമായ മറ്റൊരു യുവാവും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടിക തയാറാക്കിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവിലെ സ്ഥിതി ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണ്. വരും ദിവസങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് . സ്കൂളുകള്‍ക്ക് അവധി നല്‍കുന്നത് സംബന്ധിച്ച് അടുത്ത ദിവസത്തെ സ്ഥിതികൂടി പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും.അവധി നല്‍കിയാലും അതൊരു മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ടു ദിവസം കൊച്ചിയില്‍ താമസിച്ച് സ്ഥിതി പഠിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ച ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു.പറവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയിലാണ് നിപ്പ ആദ്യം സ്ഥീരീകരിച്ചത്. യുവാവിന്റെ പനി കുറഞ്ഞു. ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.തൊടുപുഴയിലും,തൃശൂരിലും എറണാകുളത്തും പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. എറണാകുളത്ത് നിപ്പയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
