കൊച്ചി മെട്രോ: തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് 356 കോടി രൂപയുടെ പദ്ധതി; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം> എറണാകുളം എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ / ബസ്സ് ഡിപ്പോ വരെ കൊച്ചി മെട്രോ പാത ഫേസ് 1 ബി ദീര്‍ഘിപ്പിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 356 കോടി രൂപയാണ് ഇതിനു ചെലവ്.

തസ്തികകള്‍

മത്സ്യഫെഡിന്റെ ആലപ്പുഴ ആറാട്ടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഫിഷ്മില്‍ ആന്റ് ഓയില്‍ പ്ലാന്റിനു വേണ്ടി 15 തസ്തികകള്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

ഫിഷറീസ് വകുപ്പിന് കീഴില്‍ കൊല്ലം ആസ്ഥാനമായി സ്ഥാപിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന് മെമ്ബര്‍ സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് എക്‌സ്‌റ്റന്‍ഷന്‍ ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക് ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തിക സൃഷ്ടിക്കാനും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് എന്നിവയുടെ ഓരോ തസ്തിക ദിവസവേതനാടിസ്ഥാനത്തില്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. കൂത്തുപറമ്ബ് സര്‍ക്കാര്‍ ഐടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ രണ്ട് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 12 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

റിട്ട. പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ എം എന്‍ ജീവരാജിനെ കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഒരു വര്‍ഷത്തേക്ക് പുനര്‍നിയമനവ്യവസ്ഥപ്രകാരം നിയമിക്കാന്‍ തീരുമാനിച്ചു. 

ശമ്ബളപരിഷ്‌കരണം

ഫിഷറീസ് വകുപ്പിലെ എസ്‌എല്‍ആര്‍ ജീവനക്കാര്‍ക്ക് പത്താം ശമ്ബള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. 

27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് ധാരണാപത്രം

കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വെയുമായും ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. 

കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ ചെയ്യുന്ന ചെര്‍പ്പുളശ്ശേരി പട്ടണത്തിലെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിനു പകരമായി ‘ചെര്‍പ്പുളശ്ശേരി ബൈപാസ് നിര്‍മാണവും നഗരവികസനവും’ എന്ന പ്രവൃത്തി റോഡ് ഫണ്ട് ബോര്‍ഡ് മുഖേന ചെയ്യാന്‍ അനുമതി നല്‍കി. 15.86 കോടി രൂപയാണ് ഇതിനു ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *