ഓണാഘോഷത്തിനിടെ വാക്കുതര്‍ക്കം; യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാനെത്തിയ യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ, അലി അഷ്കര്‍ എന്നിവരാണ് പിടിയിലായത്. ഓച്ചിറ കുഴിവേലി മുക്ക് സ്വദേശിയായ സുജിത്ത് കഴിഞ്ഞ ഉത്രാട രാത്രിയിലാണ് കൊല്ലപ്പെട്ടത്.

പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ സുജിത്തിന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തില്‍ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ, അലി അഷ്കര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

കൊലപാതകം എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ഗൂഢാലോചനയെ തുടര്‍ന്നാണെന്നാണ് ബി.ജെ.പിയുടെ ആരോപണം എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. കൊലപാതകുമായി ബന്ധപ്പെട്ട് മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എ.സി.പി പറഞ്ഞു. തുടര്‍സംഘര്‍ഷം ഒഴിവാക്കാനായി പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സുജിത്തിന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *