സിയോള്‍ : ബോട്ടില്‍ വച്ച് സഹപ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ കൊറിയയിലെ രണ്ടു മത്സ്യത്തൊഴിലാളികളാണ് കൂടെ ഒരേ ബോട്ടില്‍ ജോലിചെയ്ത 16 പേരെയും കൊന്നത്. ഉത്തര കൊറിയന്‍ സമുദ്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുവരും ബോട്ടുമായി ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടെങ്കിലും പിടിയിലായി. പ്രതികളെ പിന്നീട് ദക്ഷിണ കൊറിയ ഉത്തര കൊറിയക്ക് കൈമാറി.
ബോട്ടിലെ ക്യാപ്റ്റന്റെ ക്രൂരതകളാണ് കൊലക്ക് പിന്നിലെന്ന് 20 വയ്സ്സുമാത്രം പ്രായമായ ഇരുവരും പറഞ്ഞു.കടലില്‍ വച്ച് പ്രതിഷേധിച്ച മറ്റ് ജീവനക്കാരെയും വകവരുത്തി. മൃതശരീരങ്ങള്‍ ബോട്ടില്‍ത്തന്നെ അടുക്കി ഇട്ട നിലയിലായിരുന്നെന്നു ദക്ഷിണ കൊറിയന്‍ നാവികസേന സ്ഥിരീകരിച്ചു. സാധാരണ അതിര്‍ത്തികടന്നെത്തുന്ന ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് ദക്ഷിണ കൊറിയ അഭയം നല്‍കാറുണ്ടെങ്കിലും അതീവ ക്രൂരന്മാരായ ഇത്തരക്കാര്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായതിനാലാണ് കൈമാറുന്നതെന്ന് ദക്ഷിണ കൊറിയ വിദേശകാര്യവകുപ്പ് അറിയിച്ചു.
