വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം; എന്‍ഫോഴ്സ്മെന്‍റിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നി‍ര്‍ദ്ദശം

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്‍റിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നി‍ര്‍ദ്ദശം. പത്ത് കോടി രൂപയുടെ പണമിടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കള്ളപ്പണമാണോ എന്ന് പരിശോധിക്കേണ്ടതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ട് വഴി ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിലേക്ക് പത്ത് കോടിരൂപ വന്നതില്‍ അന്വേഷണം വേണമെന്നും പാലാരവിട്ടം പാലം അഴിമതിയോടൊപ്പം ഈ പണമടിപാട് കൂടി അന്വേഷിക്കണമെന്നുമായിരുന്നു പൊതു താല്‍പ്പര്യ ഹര്‍ജി. ഈ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് എന്‍ഫോഴ്സ്മെന്‍റിനെ കക്ഷിയാക്കാന്‍ ഹ‍ര്‍ജിക്കാരന് നിര്‍ദ്ദശം നല്‍കിയത്.

വിജിലന്‍സിന് അഴിമതി മാത്രമാണ് അന്വേഷിക്കാന്‍ കഴിയുക, കള്ളപ്പണ മിടപാട് നടന്നെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് എന്‍ഫോഴ്സ്മെന്‍റ് ആണെന്നും കോടതി ചൂണ്ടികാട്ടി. മുന്‍ മന്ത്രിക്കെതിരായ കള്ളപ്പണമിടപാട് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും പരാതിക്കാരന്‍റെ മൊഴിയെടുത്തതായും വിജിലന്‍സ് കോടതിയെ അറയിച്ചു.

2016 നവംബറില്‍ പത്ത് കോടിരൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയിലുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയെന്നും വിജിലന്‍സ് അറിയിച്ചു. ഇത് കള്ളപ്പണമിടപാടാണോ എന്നതില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു വിജിലന്‍സിന്‍റെ നിലപാട്. ഹ‍ര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി. അതേസമയം പാലാരിവട്ടം മേല്‍പ്പാലം അഴിമിതയില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് ഇതുവരെ സര്‍ക്കാര്‍ അനുമതിയായില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *