വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കം; അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലേത് ഇസ്രയേലി അധിനിവേശമായി കണക്കാക്കാനാകില്ലെന്ന് അമേരിക്ക. ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കത്തില്‍ നാല് പതിറ്റാണ്ടായി തുടരുന്ന നിലപാടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക തള്ളിപ്പറഞ്ഞത്.

1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികള്‍ സ്ഥാപിച്ച ഇസ്രയേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎന്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് അമേരിക്കയും ഇതുവരെ സ്വീകരിച്ചിരുന്നത്. 78ല്‍ റോണള്‍ഡ് റീഗന്റെ കാലം മുതല്‍ തുടരുന്ന ഈ നിലപാടാണ് യുഎസ് ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്.

അമേരിക്കയുടെ നിലപാടിനെ ഇസ്രയേല്‍ സ്വാഗതം ചെയ്തപ്പോള്‍, പാലസ്തീന്‍ ഇതിനെ തള്ളിപ്പറ്റഞ്ഞ് രംഗത്തെത്തി. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമെന്ന വാഗ്ദാനം നല്‍കിയിട്ടും അധികാരം നിലനിര്‍ത്താന്‍ പാടുപെടുന്ന പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന് പുതുജീവന്‍ നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം.

അതേസമയം യുഎസ് അന്താരാഷ്ട്ര നിയമങ്ങളെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

വെസ്റ്റ്ബാങ്കില്‍ ജൂത കോളനികള്‍ പണിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ തള്ളിപ്പറയാനാകില്ലെന്നാണ് യുഎസ് നയമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *