ന്യൂഡൽഹി: സിബിഐ, സെൻട്രൽ വിജിലൻസ് കമ്മീഷൻ (സി.വി.സി), കംട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സി.എ.ജി.) എന്നീ ഏജൻസികളെയൊന്നും ബാങ്കുകൾ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. വിവേവകപൂർണ്ണമായ വാണിജ്യ തീരുമാനങ്ങളെടുക്കുന്നതിൽ സംരക്ഷിക്കപ്പെടുമെന്നും ബാങ്കുകൾക്ക് ധനമന്ത്രി ഉറപ്പ് നൽകി.
‘അന്വേഷണ ഏജൻസകൾ അനാവശ്യമായി ഉപദ്രവിക്കുമെന്ന ഭയത്തിൽ വായ്പ നൽകുന്നതിന് തടസ്സമാകരുത്. സ്വന്തം വിവേകമനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ ബാങ്കുകളോട് ആവശ്യപ്പെടുന്നു’. മന്ത്രി പറഞ്ഞു. അനാവശ്യമായ ഉപദ്രവങ്ങൾ ഭയന്ന് ബാങ്കുകൾ യഥാർത്ഥ തീരുമാനങ്ങൾ എടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വളർച്ചയിൽ വൻ ഇടിവ് വന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള ഉറപ്പ്.
ബാങ്കുകൾ തീരുമാനിക്കാതെ ഒരു കേസും സിബിഐയിലേക്ക് പോകുന്നില്ല. സംശയാസ്പദമായ സാഹചര്യങ്ങളിൽ ഒരു കേസ് സിബിഐക്ക് റഫർ ചെയ്യേണ്ടതുണ്ടോ എന്ന് ബാങ്കുകളുടെ ആഭ്യന്തര സമിതിക്ക് തീരുമാനിക്കാം. യഥാർത്ഥ തീരുമാനങ്ങളെടുക്കുന്നതിനും ബാങ്കർമാർക്കിടയിൽ സംരക്ഷണബോധം വളർത്തുന്നതിനും വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രം എല്ലാം ചെയ്യുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.
ഉദ്യോഗസ്ഥർക്കെതിരായിട്ട് എടുത്ത വിജിലൻസ് കേസുകൾ തീർപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു
