ന്യൂഡൽഹി:പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. 2020 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ഡിസംബർ 31 വരെ ആയിരുന്നു. ഇത് എട്ടാം തവണയാണ് പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി പ്രത്യക്ഷ നികുതി വകുപ്പ് നീട്ടുന്നത്. പാൻ കാർഡ് ഉൾപ്പെടെയുള്ളവ അപേക്ഷിക്കുന്നതിനും ആദായ നികുതി ആധാർ നിർബന്ധമാക്കിക്കൊണ്ടു കേന്ദ്രസർക്കാർ നേരത്തെ ഉത്തരവിറക്കിയതാണ്. 2017ലാണ് പാൻ കാർഡ് ഉൾപ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യമായി കൊണ്ടു വരുന്നത്. എന്നാൽ പാൻ കാർഡ് ഉടമ മുൻപ് നടത്തിയ ഇടപാടുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ നിയമം പരിഷ്‌കരിച്ചിരുന്നു.. അതേ സമയം, നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ ഉടൻ റദ്ദാക്കില്ല എന്ന് ആദായനികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. നികുതി റിട്ടേണിന് ഇത് ആധാറും പാനും ബന്ധിപ്പിക്കൽ അത്യാവശ്യമാണെങ്കിലും നിലവിലുള്ള ഉത്തരവുപ്രകാരം ഭാവിയിൽ പാൻ റദ്ദാക്കിയേക്കുമെന്നു മാത്രമാണ് പറയുന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
