പ്രിയങ്ക ഗാന്ധിക്കു മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്;പൊതുക്ഷേമത്തിനായുള്ള സന്ന്യാസിമാരുടെ നീക്കത്തെ തടഞ്ഞാല് നടപടിയെടുക്കുമെന്നായിരുന്നു യുപി മുഖ്യമന്ത്രിയുടെ ഭീഷണി.

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഭയപ്പെടുത്തലിലൂടെയും പൊലീസിന്റെ നരനായാട്ടിലൂടെയും അടിച്ചൊതുക്കിയ ഉത്തര്പ്രദെശ് മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ രംഗത്തെത്തിയ എഐസിസി ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്.പൊതുജന സേവനം മാത്രം ലക്ഷ്യം വെച്ചുള്ള ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവര് ശിക്ഷിക്കപ്പെടുമെന്ന് യോഗി പറഞ്ഞു. രാഷ്ട്രീയം പാരമ്ബര്യമായി ലഭിച്ച് കൊണ്ടിരിക്കുന്നവര്ക്ക് രാജ്യത്തെ സേവിക്കണമെന്ന മനോഭാവം ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്മയാണ് പ്രിയങ്കയ്ക്ക് എതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ യോഗി യുപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര് ഹാന്ഡിലിലും രൂക്ഷ ഭാഷയില് പ്രതികരണം എത്തുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നായിരുന്നു യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്മയുടെ പ്രതികരണം. കാവി നിറത്തിന്റെ പ്രസക്തിയെക്കുറിച്ച് അവര്ക്ക് അറിയില്ലെന്നും അദ്ദേഹം വാര്ത്താ സമ്മേളനത്തില് ആരോപിച്ചു. കോണ്ഗ്രസും മറ്റ് പാര്ട്ടികളും ശ്രമിക്കുന്നത് രാജ്യത്ത് അശാന്തി പടര്ത്തനാണ്. കോണ്ഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങി പാര്ട്ടികള് വോട്ട് ബാങ്കുകള്ക്ക് വേണ്ടി അവര് പരസ്പരം പിന്തുടരുകയാണ്. പ്രിയങ്ക ഗാന്ധി കലാപകാരികള്ക്ക് പിന്തുണ കൊടുക്കുകയാണെന്നും ദിനേശ് ശര്മ പറഞ്ഞു. ഇതിന് പിന്നാലെയെത്തി യുപി മുഖ്യമന്ത്രിയുടെ ട്വീറ്റ്. കാവിയുടെ പൊതുക്ഷേമം എന്ന ഹാഷ് ടാഗോടെ ആയിരുന്നു ഹിന്ദിയിലുള്ള ട്വീറ്റ്. “പൊതുസേവനത്തിനും പൊതുക്ഷേമത്തിനും വേണ്ടിയുള്ള സന്യാസിയുടെ നിരന്തരമായ ശ്രമങ്ങള്ക്ക് തടസ്സം സൃഷ്ടിക്കുന്നവര് ശിക്ഷിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയം പാരമ്ബര്യമായി സ്വീകരിച്ച് സമാധാനിപ്പിക്കുന്ന രാഷ്ട്രീയത്തില് ഏര്പ്പെടുന്നവര്ക്ക് പൊതുസേവനത്തിന്റെ അര്ത്ഥം എങ്ങനെ മനസ്സിലാകും? ” എന്നായിരുന്നു ട്വീറ്റ്.

‘എല്ലാം ഉപേക്ഷിച്ച് മുഖ്യമന്ത്രി യോഗി അദിത്യനാഥ് പൊതുസേവനത്തിനായി കാവി വസ്ത്രം ധരിച്ചു. അദ്ദേഹം കാവി ധരിക്കുക മാത്രമല്ല അതിനെ പ്രതിനിധീകരിക്കുന്നു. കാവി വസ്ത്രങ്ങള് പൊതുക്ഷേമത്തിനും രാഷ്ട്രനിര്മ്മാണത്തിനുമുള്ളതാണ്, യോഗി ജി ആ പാതയിലൂടെ നടക്കുന്നു’ എന്നും ട്വീറ്റ് അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *