സുനാമിയിലും തകരാതെ മുസ്ലീം ലീഗ്

മലപ്പുറം: സംസ്ഥാനത്ത് അടിച്ച ഇടതു കാറ്റ് മലപ്പുറത്തും എത്തിയെങ്കിലും തകര്‍ന്നു വീഴാതെ മുസ്ലിം ലീഗ് പിടിച്ചു നിന്നു. ജില്ലയിലെ 11 മണ്ഡലങ്ങള്‍ നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം ലീഗിനും കുറഞ്ഞു. 16 മണ്ഡലമുള്ള ജില്ലയില്‍ ഒരു സീറ്റ് കോണ്‍ഗ്രസില്‍ നിന്നും ഒരു സീറ്റ് ലീഗില്‍ നിന്നും ഇടതുപക്ഷം പിടിച്ചെടുത്തു. ഇടതു സ്വതന്ത്ര പരീക്ഷണമാണ് രണ്ടു സീറ്റുകള്‍ പിടിച്ചെടുത്തതിലേക്കെത്തിച്ചത്. നിലമ്പൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് മാറിനിന്ന് മകനെ സ്ഥാനാര്‍ഥിയാക്കി പിന്നില്‍ നിന്ന് പ്രചരണം നയിച്ചിട്ടും ഇടതു സ്വതന്ത്രന്‍ പി വി അന്‍വര്‍ 11504 വോട്ടിനാണ് ജയിച്ചത്. ലീഗ് കോട്ടയില്‍ ലീഗിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നിലനില്പ്പുണ്ടാക്കിയ ആര്യാടന്‍ മാറിനില്ക്കാന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദ് നേടിയ 5598 വോട്ടിന്റെ ഭൂരിപക്ഷം മറിച്ചാണ് അന്‍വര്‍ ഈ നേട്ടം കൊയ്തത്. ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ തണലില്‍ വളര്‍ന്ന് നേട്ടം മാത്രം കൊയ്ത അബ്ദുറഹിമാന്‍ രണ്ടത്താണിയെ താനൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തറപറ്റിച്ചാണ് ഇടതു സ്വതന്ത്രന്‍ വി അബ്ദുറഹിമാന്‍ വിജയക്കൊടി പാറിച്ചത്. 9433 വോട്ടിന്റെ രണ്ടത്താണിയുടെ കഴിഞ്ഞ ഭൂരിപക്ഷം മറികടന്ന് 4918ന്റെ ഭൂരിപക്ഷത്തിലാണ് വി അബ്ദുറഹിമാന്‍ വിജയിച്ചത്. ലീഗിനെ സംബന്ധിച്ച കനത്ത തിരിച്ചടിയാണ് പരമ്പരാഗത ലീഗ് മണ്ഡലത്തില്‍ അബ്ദുറഹിമാനിലൂടെ കിട്ടിയത്.
കനത്ത പോരാട്ടത്തില്‍ മറ്റ് ചില മണ്ഡലങ്ങളിലും ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു. പെരിന്തല്‍മണ്ണയില്‍ സിറ്റിംഗ് എം എല്‍ എ മഞ്ഞളാംകുഴി അലി രക്ഷപെടുകയായിരുന്നു. 579 വോട്ടിനാണ് അലി ലീഗിന്റെ മാനം കാത്തത്. വി ശശികുമാറുമായി കഴിഞ്ഞ തവണത്തെ പോരാട്ടം ആവര്‍ത്തിച്ചപ്പോള്‍ 9589 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച അലിക്കാണ് ഫോട്ടോ ഫിനിഷില്‍ കഷ്ടിച്ച് കടന്നു കൂടാനായത്.
പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ ഇടതു പക്ഷം സീറ്റ് നിലനിര്‍ത്തി. പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ടി അജയമോഹന്‍ ശക്തമായ മത്സരം ഉയര്‍ത്തിയെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഇടതു സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന്‍ 4101 ല്‍ നിന്ന് ഭൂരിപക്ഷം 15640ആയി ഉയര്‍ത്തി. തവനൂരിലും സ്ഥിതി മറിച്ചായിരുന്നില്ല. ലീഗ് കോണ്‍ഗ്രസിന് മനസറിഞ്ഞ് പിന്തുണ നല്കിയിട്ടും തവനൂരിലെ ഇടതു സ്വതന്ത്രന്‍ കെ ടി ജലീല്‍ 6854ല്‍ നിന്ന് ഭൂരിപക്ഷം 17064 ആയി ഉയര്‍ത്തി. കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ 2006ല്‍ തോല്പ്പിച്ചതുമുതല്‍ ലീഗ് ജലീലിന്റെ ജൈത്രയാത്ര അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇക്കുറിയും നടന്നില്ല. മാത്രമല്ല, ലീഗിന് തിരിച്ചടിയായി ജലീല്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു.
ഹരിത കോട്ടയിലെ മറ്റ് മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷമിട്ട(44508) മലപ്പുറം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി ഉബൈദുള്ളക്ക് ഇക്കുറി കിട്ടിയത് 35672 വോട്ടിന്റെ ഭൂരിപക്ഷം. സി പി എം പാര്‍ട്ടി ചിഹ്നത്തില്‍ അഡ്വ. ടി കെ റഷീദലിയെ മത്സരിപ്പിച്ച് അട്ടിമറി സാധ്യത ഉയര്‍ത്തിയ മങ്കടയില്‍ 23593 എന്ന ഭൂരിപക്ഷത്തില്‍ നിന്ന് സിറ്റിംഗ് എം എല്‍ എ ടി എ അഹമ്മദ് കബീറിന് 1508 എന്ന കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറാനായി എന്നു മാത്രം. തിരൂരില്‍ സിറ്റിംഗ് എം എല്‍ എ സി മമ്മുട്ടിക്കും 23566 എന്ന കഴിഞ്ഞ ഭൂരിപക്ഷത്തില്‍ നിന്നിറങ്ങി 7061 എന്ന ഭൂരിപക്ഷത്തിലേക്കെത്തേണ്ടി വന്നു. ഏറനാട് മണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എ പി കെ ബഷീര്‍ 11246 ഭൂരിപക്ഷത്തില്‍ നിന്ന് 12893 ആയി വര്‍ധിപ്പിച്ചു. ലീഗിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിക്കും 38237ല്‍ നിന്ന് നേരിയ കുറവില്‍(38057) ല്‍ വിജയം ആഘോഷിക്കേണ്ടി വന്നു. ലീഗും കോണ്‍ഗ്രസും തമ്മില്‍ തെറ്റിയ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ശേഷക്രിയകള്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ടി വി ഇബ്രാഹീമിനും അനുഭവിക്കേണ്ടി വന്നു. 28149 എന്ന 2011ലെ ഭൂരിപക്ഷത്തില്‍ നിന്ന് 10654 എന്നതിലേക്ക് താഴ്ന്നു കൊണ്ടോട്ടിയില്‍. ഭൂരിപക്ഷം യു ഡി എഫിന് പകുതിയില്‍ താണ കഥയാണ് കോട്ടക്കലില്‍. കഴിഞ്ഞ തവണ എം പി അബ്ദുസമദ് സമദാനി നേടിയ 35902 ഭൂരിപക്ഷം യു ഡി എഫിന് ഇക്കുറി ആബിദ് ഹുസൈന്‍ തങ്ങളെത്തിയപ്പോള്‍ 15042ലെത്തി. വള്ളിക്കുന്നിലും സ്ഥിതി ഭിന്നമല്ല. യു ഡി എഫിനായി ലീഗിലെ കെ എന്‍ എ ഖാദര്‍ 18121 ലീഡ് നേടിയപ്പോള്‍ ഇക്കുറി 12610 എന്നതിലേക്ക് യു ഡി എഫിലെ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ലീഡ് താഴ്ത്തി. വണ്ടൂരില്‍ ജില്ലയില്‍ കോണ്‍ഗ്രസ് മാനം കാത്ത എ പി അനില്‍കുമാര്‍ കഴിഞ്ഞ തവണ നേടിയ 28912 ഭൂരിപക്ഷത്തില്‍ നിന്ന് അല്പം കുറഞ്ഞെങ്കിലും (23864) പിടിച്ചു നിന്നു. സിറ്റിംഗ് എം എല്‍ എ യു ഡി എഫിലെ അഡ്വ. എം ഉമ്മറിന് മഞ്ചേരിയില്‍ കുറഞ്ഞത് പതിനായിരത്തോളം വോട്ടുകള്‍. കഴിഞ്ഞ തവണ 29079 വോട്ടുകള്‍ക്ക് വിജയിച്ച ഉമ്മറിന്റെ ഇക്കുറി ഭൂരിപക്ഷം 19616 വോട്ടുകള്‍ മാത്രമാണ്.
നിയാസ് പുളിക്കലകത്ത് എന്ന ഇടതു സ്വതന്ത്രന്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ യു ഡി എഫിലെ മന്ത്രി പി കെ അബ്ദുറബ്ബിനെ ഫലപ്രഖ്യാപനത്തിന്റെ തുടക്കം മുതല്‍ വിറപ്പിക്കുന്നതാണ് കണ്ടത്. ഒടുക്കം കഴിഞ്ഞ വര്‍ഷത്തെ 30208 എന്ന ഭൂരിപക്ഷത്തില്‍ നിന്ന് താഴ്ന്ന് 6043 എന്ന ഭൂരിപക്ഷത്തില്‍ രക്ഷപെടുകയായിരുന്നു പി കെ അബ്ദുറബ്ബ്.

Leave a Reply

Your email address will not be published. Required fields are marked *