ജലീലും ശ്രീരാമകൃഷ്ണനും താരങ്ങള്‍

മലപ്പുറം: ജില്ലയിലുടെ രാഷ്ട്രീയ പാതകളില്‍ ഇനി രണ്ടു ഇടതുപക്ഷ എം.എല്‍.എ.മാര്‍ വി.വി.ഐ.പികളായി സഞ്ചരിക്കും. ഡോ.കെ.ടി.ജലീലും പി.ശ്രീരാമകൃഷ്ണനും. യു.ഡി.എഫ് ഭരണകാലത്ത് അഞ്ചു മന്ത്രിമാരുടെ കാറുകള്‍ കറങ്ങി നടന്ന മലപ്പുറത്ത് ഇനി മുതല്‍ ഈ രണ്ടു പേര്‍ക്കാകും കാബിനറ്റ് പദവിയുണ്ടാകുക. ജലീല്‍ മന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകുമെന്നാണ് സൂചനകള്‍.
നാല് എം.എല്‍.എമാര്‍ മാത്രമുള്ള മലപ്പുറം ജില്ലക്ക് എല്‍.ഡി.എഫ് രണ്ട് കാബിനറ്റ് പദവികള്‍ നല്‍കുന്നത് രാഷ്ട്രീയലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ്. മുസ്്‌ലിം ലീഗിന്റെ തട്ടകത്തില്‍ ഇടതുപക്ഷത്തിന് വേരോട്ടമുണ്ടാക്കാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനും ഇടതുസര്‍ക്കാര്‍ ശ്രമിക്കുമെന്നതിന്റെ സൂചനയും കൂടിയാണിത്.
ജില്ലയില്‍ നിന്ന് കെ.ടി.ജലീലിനെയും പി.ശ്രീരാമകൃഷ്ണനെയും കൂടാതെ പുതുമുഖങ്ങളായ വി.അബ്്ദുറഹ്മാന്‍ (താനൂര്‍),പി.വി.അന്‍വര്‍(നിലമ്പൂര്‍) എന്നിവരുമാണ് ഇടതുപക്ഷത്തിന് എം.എല്‍.എ.മാരായുള്ളത്. ജലീലും ശ്രീരാമകൃഷ്ണനും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ അടുത്തടുത്തുള്ള മണ്ഡലത്തില്‍ നിന്നുള്ളവരാണ്. പൊന്നാനിയും തവനൂരും. പുതിയ സര്‍ക്കാരില്‍ മുസ്്‌ലിം ന്യൂനപക്ഷങ്ങളുട പ്രാതിനിധ്യമുറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് കെ.ടി.ജലീലിനെ മന്ത്രിയാക്കുന്നത്. മാത്രമല്ല, അദ്ദേഹം തുടര്‍ച്ചയായ മൂന്നു തെരഞ്ഞെടുപ്പുകള്‍ വിജയിച്ച്, നിയമസഭയില്‍ ഒന്നര പതിറ്റാണ്ടു പൂര്‍ത്തിയാക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണനാകട്ടെ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവാണ്. രണ്ടു തവണ പൊന്നാനിയില്‍ വിജയിച്ച അദ്ദേഹവും കാബിനറ്റ് പദവിക്ക് അര്‍ഹനാണ്. അദ്ദേഹത്തിന്,നേരത്തെ പൊന്നാനിയെ പ്രതിനിധീകരിച്ച പാലൊളി മുഹമ്മദ്കുട്ടി കൈകാര്യം ചെയ്തിരുന്ന, തദ്ദേശം സ്വയംഭരണ വകുപ്പ് ലഭിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്പീക്കര്‍ പദവിയിലേക്കാണ് പരിഗണിക്കുന്നതെന്നാണ് സൂചന. കെ.ടി.ജലീലിന്റെ വകുപ്പേതെന്ന് വരും നാളുകളില്‍ വ്യക്തമാകും.
പെരിന്തല്‍മണ്ണക്കടുത്ത് മേലാറ്റൂര്‍ സ്വദേശിയായ പി.ശ്രീരാമകൃഷ്ണന്‍ ഇടതുപക്ഷത്തിന്റെ പ്രധാന ശബ്ദമായി നിയമസഭയിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്ന നേതാവാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചായായ രണ്ടാം തവണയാണ് പൊന്നാനിയില്‍ നിന്ന് വിജയിച്ചത്. 2006ല്‍ നിലമ്പൂരില്‍ കന്നിയങ്കത്തില്‍ ആര്യാടന്‍ മുഹമ്മദിനോട് പരാജയപ്പെട്ടിരുന്നു. 2011 ല്‍ പൊന്നാനി മണ്ഡലത്തിലെത്തിയ പി ശ്രീരാമകൃഷ്ണന്‍ ജനകീയനായ പൊന്നാനിക്കാരനായി മാറുകയായിരുന്നു. ഇമ്പിച്ചിബാവയുടെയും പാലോളി മുഹമ്മദ്കുട്ടിയുടെയും പി•ുറക്കാരനായി പൊന്നാനിക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പുരാതന തുറമുഖ പട്ടണമായ പൊന്നാനിയുടെ സംസ്‌കാരവും മതനിരപേക്ഷ ചൈതന്യവും കളയാതെയുള്ള വികസന പ്രക്രിയകളാണ് പൊന്നാനിയില്‍ നടപ്പാക്കിയത്. ഇതിനായുള്ള നിര്‍ദേശങ്ങളുടെ ക്രോഡീകരണത്തിനായി 2011ല്‍ നടത്തിയ ‘ഡെസ്റ്റിനേഷന്‍ 2025’ വികസന സെമിനാര്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡല്‍ വികസന കാഴ്ചപ്പാടുകളിലെ ഒരു സുപ്രധാന കാല്‍വയ്പ്പാണ്.
എസ്.എഫ്.ഐയിലൂടെയാണ് ശ്രീരാമകൃഷ്ണന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. പട്ടിക്കാട് സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദം. ബി.എഡിനുശേഷം മേലാറ്റൂര്‍ ആര്‍.എം ഹൈസ്‌കൂളില്‍ അധ്യാപകനായെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം അവധിയെടുത്ത് ഒന്നര പതിറ്റാണ്ടായി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. എസ.്എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, കലിക്കറ്റ് സര്‍വകലാശാലല യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റ് അംഗം, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമാണ്. 2004ല്‍ നടന്ന സ്വാശ്രയ കോളേജ് സമരത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിരുന്നു. 16 ദിവസം ജയില്‍വാസവുമനുഭവിച്ചു. വേള്‍ഡ് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഓഫ് യൂത്തിന്റെ ഏഷ്യന്‍ പസഫിക് മേഖലാ കണ്‍വീനര്‍ എന്ന നിലയില്‍ നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഉറയത്ത് ഗോപിയുടെയും റിട്ട. അധ്യാപിക സീതാലക്ഷ്മിയുടെയും മകനാണ്. വെട്ടത്തൂര്‍ എയുപിഎസ് അധ്യാപിക ദിവ്യയാണ് ഭാര്യ. നിരഞ്ജന, പ്രിയരഞ്ജന്‍ എന്നിവര്‍ മക്കള്‍.
ഇടതു സര്‍ക്കാരില്‍ ലഭിക്കുന്ന മന്ത്രി പദം ഡോ.കെ.ടി.ജലീലിന് മുസ്്‌ലിം ലീഗിനോടുള്ള മധുരപ്രതികാരം കൂടിയാണ്. എം.എസ്.എഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം യൂത്ത് ലീഗിന്റെ സംസ്ഥാനത്തെ പ്രധാന അമരക്കാരനായിരുന്നു. മുസ്്‌ലിം ലീഗിന്റെ ചില നിലപാടുകളെ എതിര്‍ത്ത അദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങളേല്‍ക്കേണ്ടി വരികയും രാജി വച്ച് പുറത്തു പോരേണ്ടി വരികയും ചെയ്തു. ലീഗ് വിരുദ്ധരുടെ പിന്തുണയോടോയിരുന്നു ജലീലിന്റെ പിന്നീടുള്ള വളര്‍ച്ച. 2006 ലെ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ മുസ്്‌ലിം ലീഗിന്റെ അമരക്കാരന്‍ പി.കെ.കുഞ്ഞാലികുട്ടിയെ കടുത്ത പോരാട്ടത്തിലൂടെ തോല്‍പ്പിച്ച് ജലീല്‍ കേരള രാഷ്ട്രീയത്തിലെ പുതിയ ഹീറോ ആയി.
2011 ല്‍ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായപ്പോള്‍ പുതുതായി നിലവില്‍ വന്ന തവനൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണ് ഇത്തവണ ജലീല്‍ നേടിയത്. പഠനകാലത്ത് എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന ജലീല്‍ യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. നേരത്തെ മലപ്പുറം ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം ഡിവിഷനില്‍നിന്ന് വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വിജയഭേരി പദ്ധതിയുടെ ഉപജ്ഞാതാവ് എന്നീ നിലകളില്‍ ശോഭിച്ചു.
വളാഞ്ചേരി കൂരിപറമ്പില്‍ തെക്കുമ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെയും പാറയില്‍ നഫീസയുടെയും മകനാണ്. പൈങ്കണ്ണൂര്‍ ജിയുപി സ്‌കൂള്‍, തിരൂര്‍ക്കാട് ഹൈസ്‌കൂള്‍, വെളിമുക്ക് ജിയുപി സ്‌കൂള്‍, ചേളാരി ഗവ. ഹൈസ്‌കൂള്‍, ചേന്ദമംഗലൂര്‍ കോളേജ്, തിരൂരങ്ങാടി പിഎസ്എംഒ കോളേജ്, കലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ എംഫില്‍ കരസ്ഥമാക്കിയ ജലീല്‍ കേരള, കലിക്കറ്റ് സര്‍വകലാശാലകളില്‍നിന്ന് ഡോക്ടറേറ്റ് നേടി. ‘1921ലെ മലബാര്‍ കലാപത്തില്‍ ആലി മുസ്ല്യാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പങ്ക്’ എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. 1994ല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ അദ്ധ്യാപകനായി. കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗം, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍, പാലോളി കമ്മിറ്റി അംഗം എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം നടത്തി. മികച്ച എഴുത്തുകാരന്‍കൂടിയായ ജലീല്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ‘ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷ രാഷ്ട്രീയം’ ആണ് കെ ടി ജലീലിന്റെ ആദ്യത്തെ കൃതി. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന ‘മുഖ്യധാര’യുടെ എഡിറ്ററാണ്.വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം പി ഫാത്തിമക്കുട്ടിയാണ് ഭാര്യ. അസ്മാബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യബീഗം എന്നിവര്‍ മക്കള്‍.
ജലീലിന്റെയും ശ്രീരാമകൃഷ്ണന്റെയും കാബിനറ്റ് പദവി മലപ്പുറം ജില്ലയില്‍ ഇടതുപക്ഷത്തെ പുത്തന്‍ താരോദയങ്ങളാകും. ജില്ലയില്‍ വരും കാലങ്ങളില്‍ ഇടതുപക്ഷത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴ്ത്താന്‍ ഈ പദവികള്‍ ഇടയാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *