തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊറോണ ബാധിതരല്ലാത്തവരുടെ മൃതദേഹം പോലും നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാര്‍ഗോ വിമാനത്തില്‍ ഭൗതിക ശരീരം കാലതാമസം ഇല്ലാതെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എമ്ബസി വഴി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരേതരുടെ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
