കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയതായി 50 ഇന്ത്യക്കാരടക്കം 62 പേര്‍ക്ക് കൊറോണ വൈറസ് ബാധ സിഥിരീകരിച്ചു. ജാബിര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗുജറാത്ത് സ്വദേശി വിനയ കുമാര്‍(46) മരിച്ചു.
ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 479 ആയി.
രാജ്യത്ത് മൊത്തം 93 പേര് രോഗമുക്തമായതായും 385 പേര് ചികിത്സയിലും 17 പേര് തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.
കുവൈത്തില്‍ രോഗ ബാധ കണ്ടെത്തിയ ഇന്ത്യക്കാര്‍ 165 ആയതോടെ വിദേശ ജനസംഖ്യയില്‍ മാഹാഭൂരിപക്ഷമുള്ള ഇന്ത്യന്‍ സമൂഹം വലിയ ആശങ്കയിലാണ്. അതേസമയം മലയാളികള്‍ തിങ്ങി വസിക്കുന്ന കെട്ടിടങ്ങളില്‍ കൊറോണ രോഗം സംശയിക്കുകയും ചില മലയാളികളുടെ സ്രവം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നും കൊറോണ രോഗ ബാധ സംശയിച്ചു ഫൈഹ ക്ലിനിക്കില്‍ നിരീക്ഷണത്തിലാക്കിയിരുന്ന 58 പേരെ ജാബിര്‍ ആശുപത്രയില്‍ കൊറോണ ചികിത്സക്ക് വിധേയമാക്കി. കൂടാതെ 587 ഏഷ്യക്കാരെ നിരീക്ഷണ കേന്ദ്രത്തില്‍നിന്നും ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
